പടിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് ചൈനക്കാര്‍ എന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ ഇതാ കാണാതായ കുട്ടികളെ കണ്ടെത്താന്‍ പുതിയ വഴി ചൈനയിലെ ഒരു ഭക്ഷ്യോത്പ്പന്ന വിതരണ കമ്പനി കണ്ടെത്തിയിരിക്കുന്നു. കാണാതായ കുട്ടികളുടെ ഫോട്ടോയും അവരുടെ മാതാപിതാക്കളുടെ മേല്‍വിലാസവും ഉള്‍ക്കൊള്ളുന്ന ലേബല്‍ പതിച്ച കുപ്പികളിലാണ് കമ്പനി ഇപ്പോള്‍ വെള്ളം ഇറക്കുന്നത്.
മനുഷ്യക്കടത്തും അവയവക്കടത്തും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ നിരവധി കുട്ടികളെ പലവിധത്തില്‍ കാണാതാവുന്നുണ്ട്. ഇത്തരത്തില്‍ കാണാതാവുന്ന കുട്ടികളെ കണ്ടെത്താന്‍ അവരുടെ മാതാപിതാക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശയവുമായി കമ്പനി മുന്നോട്ടുവന്നിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ കുപ്പിവെള്ളത്തിന്റെ വില്‍പ്പന നടക്കുന്നുണ്ട്. 5 ലക്ഷത്തോളം കുപ്പികളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. “കുഞ്ഞേ മടങ്ങിവരൂ” എന്ന പരസ്യവാചകവും കുപ്പികളില്‍ പതിച്ചിട്ടുണ്ട്.കുട്ടികളുടെ മാതാപിതാക്കളുടെ പൂര്‍ണ്ണ അറിവോടും സമ്മതത്തോടും കൂടിയാണിതെന്നും കമ്പനി അധികൃതര്‍ പറയുന്നു.