പൂച്ചാക്കല്‍: റോഡിലെ കുഴിയില്‍ വീണു തലയ്ക്കു പരിക്കേറ്റയാളോടു മന്ത്രി ജി. സുധാകാരന് ക്ഷമ പറഞ്ഞു. മാക്കേക്കവലയില്‍ സ്റ്റുഡിയോ നടത്തുന്ന എസ്. പ്രതാപനോടാണ് മന്ത്രി ക്ഷമ പറഞ്ഞത്. ചൊവ്വാഴ്ച രാത്രി പൂച്ചാക്കലില്‍ നിന്നും പ്രതാപന് ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ ചേര്‍ത്തല അരുക്കുറ്റി റൂട്ടില്‍ പൂച്ചാക്കല്‍ മാര്‍ക്കറ്റിനു സമീപമുളള റോഡിലെ കുഴിയില്‍ ബൈക്കുമായി വീണു പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റ പ്രതാപനെ നാട്ടുകാരും യാത്രക്കാരുമാണ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
അപകടം നടന്ന വിവരവും മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ ശോചനിയാവസ്ഥയും ഉടന്‍തന്നെ മന്ത്രി ജി. സുധാകരനെ ഫോണില്‍ വിളിച്ചു പറഞ്ഞു. മറുപടിയായി റോഡിലെ കുഴിയില്‍ വീണു പരിക്കു പറ്റിയതില്‍ വിഷമം ഉണെ്ടന്നും റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാത്തതില്‍ ക്ഷമ ചേദിക്കുന്നു എന്നും കുഴി അടയ്ക്കുവാനുളള നടപടിക്രമങ്ങള്‍ ഉടനെ ചെയ്യാമെന്നും മന്ത്രി ഫോണിലൂടെ ഉറപ്പു നല്‍കിയെന്നും പ്രതാപന് പറഞ്ഞു.
എ.എം. ആരിഫ് എംഎല്‍എ മുഖാന്തിരം പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്ജിനീയര്ക്കു നിര്‍ദേശം നല്‍കാനും അപകടം നടന്നതു സംബന്ധിച്ച പരാതി തനിക്കു ഇ മെയില്‍ ചെയ്യാനും പ്രതാപനോടു മന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെതന്നെ റോഡിന്റെ തകര്‍ന്ന ഭാഗം നന്നാക്കി. ഈ ഭാഗങ്ങളില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പലവട്ടം വാഴനട്ടും, റീത്തുവച്ചും സമരം നടത്തിയിട്ടുമുണ്ട്.