തിരുവനന്തപുരം: ജില്ലയില്‍ 448 പ്രശ്‌നബാധിത ബൂത്തുകളുണെ്ടന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഒരുക്കും. കേരള പോലീസിനൊപ്പം കേന്ദ്ര സേനകളെ കൂടി വിന്യസിക്കുന്നതോടെ ക്രമസമാധാനം കുറ്റമറ്റതാക്കാനാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.
തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയില്‍ 156 പ്രശ്‌ന ബാധിത ബൂത്തുകളാണുള്ളത്. ഇതില്‍ 29 സ്ഥലങ്ങളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്. 36 പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനോ പിന്തിരിപ്പിക്കാനോ സാധ്യതയുണെ്ടന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയില്‍ 276 സെന്‍സിറ്റീവ് ബൂത്തുകളുണ്ട്. 32 ഇടങ്ങളിലാണ് ഗുരുതരപ്രശ്‌നങ്ങള്‍ക്ക് സാധ്യത. 19 പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനോ പിന്തിരിപ്പിക്കാനോ സാധ്യതയുണ്ട്. കേരളത്തിലെ ഏറ്റവുംവലിയ പോലീസ് ജില്ലയായ തിരുവനന്തപുരം റൂറലില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് റൂറല്‍ എസ്പി കെ. ഷെഫീന്‍ അഹമ്മദ് അറിയിച്ചു. 6,250 ഓളം വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്തു.
കുപ്രസിദ്ധ ഗുണ്ടകള്‍ പലരെയും കാപ്പ ചുമത്തി ജയിലിലാക്കി. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള അക്രമ, അട്ടിമറി സാധ്യതകള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. നാലു സബ് ഡിവിഷനുകളുള്ള സിറ്റി ജില്ലയിലും മൂന്നു സബ് ഡിവിഷനുകളുള്ള റൂറല്‍ ജില്ലയിലും എഴു വീതം തെരഞ്ഞെടുപ്പ് സബ് ഡിവിഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോ സബ് ഡിവിഷന്റെയും ചുമതല ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥനായിരിക്കും. സ്റ്റേഷന്‍ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നേരിട്ടു നിയന്ത്രിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.