ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ തുറന്നുകൊടുക്കണം: ജോയിന്റ് കൗണ്‍സില്‍

TCR-JOINTCOUNCILഇരിങ്ങാലക്കുട: മൂന്നര വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട സിവില്‍സ്റ്റേഷനിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സുകള്‍ അടിയന്തിരമായി ജീവനക്കാര്‍ക്ക് അനുവദിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗണ്‍സില്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. വെള്ളവും വൈദ്യുതിയുമായില്ലെന്ന കാരണം പറഞ്ഞ് ഉദ്ഘാടനശേഷം ക്വാര്‍ട്ടേഴ്‌സുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

നിരന്തര സമരങ്ങള്‍ക്ക് ശേഷമാണ് ഇവ പരിഹരിക്കപ്പെട്ടത്. കെട്ടിടം പ്രവര്‍ത്തനസജ്ജമെന്ന പൊതുമരാമത്ത് വകുപ്പിന്റെ ശുപാര്‍ശക്ക് ശേഷവും ജില്ലാഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതാണ് ക്വാര്‍ട്ടേഴ്‌സുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കാന്‍ കാരണം. ക്വാര്‍ട്ടേഴ്‌സിലേക്ക് തനിയെ വഴി സൗകര്യമില്ലാതിരിക്കെ ക്വാര്‍ട്ടേഴ്‌സുകള്‍ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി അനുവദിക്കുന്നത് സിവില്‍സ്‌റ്റേഷന്‍ വളപ്പിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ജില്ലാഭരണകൂടത്തിന്റെ അഭിപ്രായം.

പുതിയ വഴിസൗകര്യമൊരുക്കുന്നതുവരെ ക്വാര്‍ട്ടേഴ്‌സുകള്‍ അടച്ചിട്ട് നശിപ്പിക്കാതെ നിലവിലെ വഴി സൗകര്യം താല്‍ക്കാലികമായി ഉപയോഗപ്പെടുത്തി ക്വാര്‍ട്ടേഴ്‌സുകള്‍ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി എ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.ജെ. ക്ലീറ്റസ്, പി.കെ. ഉണ്ണികൃഷ്ണന്‍, വി. അജിത്കുമാര്‍, പി.ബി. മനോജ്കുമാര്‍, ഇ.ജി. റാണി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts