ജോലിയില്ലാതെ ചേര്‍ത്തല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പെരുവഴിയില്‍

alp-cherthalaചേര്‍ത്തല: ജോലി നല്കാതെ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി. കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയിലെ ഡ്രൈവര്‍മാരാണ് ജോലിയില്ലാതെ വലയുന്നത്. ആലപ്പുഴ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ കുറവുള്ളതിനാല്‍ വര്‍ക്ക് അറേഞ്ച്‌മെന്റ് പ്രകാരം ചേര്‍ത്തല ഡിപ്പോയില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന പത്തോളം ഡ്രൈവര്‍മാരാണ് ജോലിയില്ലാതെ പെരുവഴിയിലാകുന്നത്.

ചേര്‍ത്തലയില്‍ നിന്നും പുലര്‍ച്ചെതന്നെ ആലപ്പുഴയിലെത്തുന്ന ഇവരെ ജോലിയില്ലാതെ പറഞ്ഞയക്കുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. അതേസമയം ഡ്രൈവര്‍മാരുടെ കുറവുമൂലം  ചേര്‍ത്തല ഡിപ്പോയില്‍ സ്ഥിരം ഷെഡ്യൂളുകള്‍ റദ്ദാക്കുമ്പോഴാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ തലതിരിഞ്ഞ നയം മൂലം ഡ്രൈവര്‍മാര്‍ ജോലിയില്ലാതെ വലയുന്നത്.

ഡ്യൂട്ടിക്കായി വെളുപ്പിന് മൂന്നുമണിക്കും നാലുമണിക്കും എണീറ്റ് ആലപ്പുഴയില്‍ എത്തി ജോലിയില്ലാതെ വെറും കൈയോടെ തിരിച്ചുവരേണ്ട അവസ്ഥയാണ് ചേര്‍ത്തല ഡിപ്പോയിലെ ഡ്രൈവര്‍മാര്‍ക്ക്. ജീവനക്കാരെ ആവശ്യമില്ലാതെ പീഡിപ്പിക്കുന്ന കോര്‍പ്പറേഷന്‍ അധികൃതരുടെ നയത്തില്‍ കെഎസ്ആര്‍ടിസി ഫെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ.ജെ.സെബാസ്റ്റ്യന്‍  പ്രതിഷേധിച്ചു.

Related posts