ജോലിസമയത്ത് ഓണാഘോഷം വേണ്ടെന്ന സര്‍ക്കാര്‍ നയം; പൂ വിപണിയില്‍ നെഞ്ചിടിപ്പ്

KKD-POOVEസ്വന്തം ലേഖകന്‍

കോഴിക്കോട്: പൂ വിപണിയില്‍ ഇത്തവണ കൈപൊള്ളുമോ..? ജോലിസമയത്ത്  ഓണാഘോഷം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ “ഉള്ളുകായുന്നത്’ പൂ വിപണിയിലാണ്… സംസ്ഥാനത്ത് ഓണക്കാലത്ത് എറ്റവും കൂടുതല്‍ പൂക്കള്‍ വിറ്റഴിയുന്നത് ഓഫീസുകളിലെ ഓണാഘോഷങ്ങള്‍ക്കാണ്. കളക്ടറേറ്റിലും സിവില്‍സ്‌റ്റേഷനുകളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഉള്‍പ്പെടെ വന്‍തോതില്‍ പൂക്കളാണ് വിറ്റഴിക്കപ്പെടുന്നത്. സര്‍ക്കാര്‍ ഉത്തരവില്‍  പ്രതിഷേധിച്ച് ഇത്തവണ ഓഫീസുകളില്‍ ഓണാഘോഷമേ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം ജീവനക്കാര്‍. ഈ തീരുമാനത്തിന് ഇടതുപക്ഷ ഇതര സംഘടനകളുടെ പിന്തുണയുമുണ്ട്്.

പൂക്കച്ചവടം “ഓണ്‍ലൈന്‍’ ആക്കി വിപണി പിടിച്ചടക്കാന്‍ ഒരുങ്ങിയവരും അങ്കലാപ്പിലാണ്. ഓണ്‍ ലൈന്‍ വിപണിയുടെ മുഖ്യ ഉപയോക്താക്കളായി അവര്‍ കണ്ടുവച്ചിരുന്നത് സര്‍ക്കാര്‍ജീവനക്കാരെയായിരുന്നു. അത്തപൂക്കള മത്സരവും എന്തിന് ഓണസദ്യ പോലും വേണ്ടെന്ന നിലപാടിലാണ്  പ്രതിഷേധക്കാര്‍. ഓഫീസ് പ്രവര്‍ത്തനസമയത്ത് ഓണാഘോഷവും പൂക്കളമിടലും വേണ്ടെന്ന ഉത്തരവിനോട് സമ്മിശ്ര പ്രതികരണമാണ് ജിവനക്കാര്‍ക്ക്.

ജോലിസമയം കഴിഞ്ഞ് വൈകുന്നേരമാണോ പൂക്കളമിടേണ്ടതെന്ന ചോദ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഓണാഘോഷം ഓഫീസില്‍നിന്നും വീട്ടിലേക്ക് ചുരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണിവര്‍. ശരിക്കും പറഞ്ഞാല്‍ ഓണാഘോഷം സര്‍ക്കാര്‍ ഓഫീസുകളില്‍ ഇതുവരെ പൊടിപൊടിച്ചായിരുന്നു നടന്നിരുന്നത് എന്നതാണ് സത്യം. ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളും വെവ്വേറെ നടത്തുന്ന  ഓണാഘോഷം  മത്സരങ്ങളിലേക്കും കടക്കാറുണ്ടായിരുന്നു.പൂക്കള മത്സരങ്ങളിലെ  “ഒന്നാംസ്ഥാനവും രണ്ടാം സ്ഥാനവുമെല്ലാം’ ഇനി ഓര്‍മകളില്‍മാത്രമാകുമോ എന്ന ആശങ്കയിലാണ് ഒരു പറ്റം ജീവനക്കാര്‍. അതേസമയം  സര്‍ക്കാര്‍ ഉത്തരവിനെപിന്താങ്ങുന്നജീവനക്കാരുമുണ്ട്. സര്‍ക്കാര്‍എടുത്ത ശക്തമായ നിലപാടാണിതെന്നാണ് ഇവര്‍ പറയുന്നത്. ഇടതുപക്ഷ അനുകൂല സംഘടനകളുടെ പിന്തുണയും പുതിയ തീരുമാനത്തിനുണ്ട്.

രാവിലെ പൂക്കളമിട്ട് 11-ഓടെസീറ്റിലെത്തുന്ന കലാപരിപാടി നിര്‍ത്തലാക്കേണ്ടതുതന്നെയാണെന്നാണ് ഇവരുടെവാദം. എന്തായാലും തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും വാദഗതി ഉയര്‍ന്നതോടെ ഓണാഘോഷവും അതിന് മാറ്റേകുന്ന പൂവില്‍പ്പനയും കച്ചവടക്കാരുടെ മനസിലുംതീ കോരിയിടുകയാണ്. പൂക്കളമത്സരം തകൃതിയായി നടന്നാല്‍ മാത്രമല്ലേ തങ്ങള്‍ക്കും നിലനില്‍പ്പുള്ളൂവെന്നാണ് പൂക്കച്ചവടക്കാര്‍  ചോദിക്കുന്നത്.

Related posts