കൊച്ചി: ടാറ്റ മോട്ടേഴ്സിന്റെ എറ്റവും പുതിയ ഹാച്ച്ബാക്ക് ടിയാഗോ കാര്‍ കേരള വിപണിയില്‍. ടിയാഗോയുടെ റിവോട്രോണ്‍ 1.2 ലിറ്റര്‍ പെ ട്രോള്‍ പതിപ്പിന് 3,35,979 രുപയും ഡീസല്‍ പതിപ്പിന് 4,12,023 എന്നിങ്ങനെയാണ് കൊച്ചിയിലെ എക്സ്ഷോറും വില. മികച്ച സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ വിപണിയിലെത്തിക്കുന്നതിനുള്ള താത്പര്യവും പ്രതിബദ്ധതയുമാണ് ടിയാഗോയിലൂടെ പ്രതിഫലിക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ഗന്തര് ബുക്ഷേ പറഞ്ഞു. നൂതന ഡ്രൈവിംഗ് ഡൈനാമിക്സ്, ഇന്ധനക്ഷമത എന്നിവയിലൂടെ മികച്ച മൂല്യമാണ് പുതിയ കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടാറ്റാ മോട്ടോഴ്സിന്റെ മേയ്ഡ് ഓഫ് ഗ്രേറ്റ് എന്ന പ്രചാരണ പരിപാടിയുടെ കീഴില്‍ പുതിയ രൂപകല്പനയില് നിര്‍മിച്ച ആദ്യത്തെ കാറാണ് ടിയാഗോ എന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് പ്രസിഡന്റ് മായങ്ക് പരീഖ് പറഞ്ഞു. ആഗോളനിലവാരത്തിലുള്ള കാര്‍ മാറ്റത്തിന്റെ പാതയിലെ കുതിപ്പിന്റെ തുടക്കമാണ്. ടിയാഗോയുടെ ശക്തവും വ്യത്യസ്തവുമായ സ്വഭാവവിശേഷങ്ങള്‍ കടുത്ത മത്സരമുള്ള വിപണിയില്‍ മുന്നിട്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാറ്റ മോട്ടേഴ്സ് നാഷണല്‍ സെയില്‍സ് ഹെഡ് ആശിഷ് ധര്, ദക്ഷിണ മേഖല റീജണല്‍ മാനേജര്‍ സൂരജ് സുബ്ബറാവു എന്നിവര്‍ ചേര്‍ന്ന് ടിയാഗോ കാര്‍ പുറത്തിറക്കി.