ടെലിഫിലിം സംവിധായകന്റെ കൊലപാതകം: ഒന്നാംപ്രതി അറസ്റ്റില്‍

tvm-arrestdirectorതിരുവനന്തപുരം: ടെലിഫിലിം സംവിധായകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ സിറ്റി ഷാഡോ പോലീസ് പിടികൂടി ടെലിഫിലം സംവിധായകനായിരുന്ന കുന്നുകുഴി പയനിയര്‍ കോട്ടേജില്‍ സൈബിന്‍ ജോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ  അപ്പു എന്നു വിളിക്കുന്ന സഞ്ജയ് വര്‍മയെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.  ഇക്കഴിഞ്ഞ മാര്‍ച്ച് 22നു രാത്രി കുന്നുകുഴി ആര്‍.സി. ജംഗ്ഷനില്‍ ബൈക്കില്‍ വരികയായിരുന്ന സൈബിനെയും ജ്യേഷ്ഠന്‍ ജെയ്‌സണെയും തടഞ്ഞു നിര്‍ത്തി സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള സംഘം തടിക്കഷണങ്ങളുമായി ആക്രമിക്കുകയായിരുന്നു.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സൈബിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വച്ച് ഏപ്രില്‍ 25നു മരിക്കുകയും ചെയ്തിരുന്നു. സഞ്ജയ് വര്‍മ മുഖ്യ പ്രതിയായ ഈ കൊലപാതക കേസില്‍ പത്തോളം പ്രതികളാണുള്ളത്. ഇതില്‍ ശാന്ത് മോഹന്‍, അരുണ്‍ ബാബു, റോബിന്‍, കിഷോര്‍ ഗബ്രിയേല്‍, സിബി സ്റ്റാന്‍ലി, ജിംസി എന്ന രാജ്കുമാര്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് പല ജില്ലകളിലായി മാറി മാറി താമസിച്ച ഇയാളെ കായംകുളം കരിയിലക്കുളങ്ങര ഭാഗത്ത് ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് അക്രമപ്രവര്‍ത്തനങ്ങളിലും മെഡിക്കല്‍ കോളജ് സിഐ ആയിരുന്ന ഷീന്‍ തറയിലിനെ ആക്രമിച്ച കേസിലും മുഖ്യപ്രതിയാണ് ഇയാള്‍.

സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് എസി സൈബുദ്ധീന്‍, കണ്‍ട്രോള്‍ റൂം എസി പ്രമോദ് കുമാര്‍, മ്യൂസിയം സിഐ ശ്യാംലാല്‍, ഷാഡോ പോലീസുകാരായ യശോധരന്‍, അരുണ്‍കുമാര്‍, സാബു, സജി ശ്രീകാന്ത്, അജിത്ത്, സൈബര്‍ ഉദ്യോഗസ്ഥരായ പ്രശാന്ത്, രതീഷ്, പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts