പെരുമ്പാവൂര്‍: പി.പി. തങ്കച്ചന്റെ വീട്ടില്‍ തന്റെ അമ്മ ജോലിക്കു നിന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചു ജിഷയുടെ സഹോദരി ദീപ. തന്റെ അമ്മയും സഹോദരിയും ഒരു പ്രാവശ്യം സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനു വേണ്ടി പി.പി. തങ്കച്ചന്റെ വീട്ടില്‍ പോയിട്ടുണെ്ടന്നല്ലാതെ മറ്റു തരത്തിലുള്ള ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും ദീപ പറഞ്ഞു. അതേസമയം, അച്ഛന്‍ പാപ്പുവിനെതിരേ രൂക്ഷവിമര്‍ശനമാണു ദീപ നടത്തിയത്. തങ്ങളുടെ കൂടെ ജീവിച്ചപ്പോഴെല്ലാം മദ്യപിച്ച് അമ്മയുമായി നിരന്തരം വഴക്കടിക്കുന്ന അച്ചനെയാണു താനും സഹോദരിയും കണ്ടിട്ടുള്ളതെന്നു ദീപ പറഞ്ഞു.
മദ്യം വാങ്ങി നല്‍കിയാല്‍ ആര്‍ക്കു വേണ്ടിയും എന്തും പറയുന്ന വ്യക്തിയാണ് അച്ഛനെന്നും ഇത് അച്ഛന്‍ ഇപ്പോള്‍ താമസിക്കുന്ന നാട്ടില്‍ അന്വേഷിച്ചാല്‍ അറിയുന്ന കാര്യമാണന്നും ദീപ പറഞ്ഞു. ഇന്നു പറയുന്ന കാര്യങ്ങള്‍ നാളെ നിഷേധിക്കുമെന്നും സഹോദരി മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഒന്നു തങ്ങളെ വന്നു കാണാനോ സംസാരിക്കുവാനോ തയാറാകാത്ത ആള്‍ ഇപ്പോള്‍ പ്രസ്താവനയുമായി വരുന്നതിന്റെ കാര്യം മനസിലാകുന്നില്ലെന്നും ദീപ കൂട്ടിച്ചേര്‍ത്തു.