തലശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യശേഖരണ പ്രവൃത്തി ഉദ്ഘാടനം നാളെ

KLM-PLASTICതലശേരി: തലശേരിയെ പ്ലാസ്റ്റിക് വിമുക്ത നഗരമാക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്ലാസ്റ്റിക് മാലിന്യ ശേഖരണ പദ്ധതിക്ക് നാളെ തുടക്കമാകും. ഇതിന്‍െറ ഭാഗമായി മാലിന്യ ശേഖരണ പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിന് ഗവ. എല്‍പി സ്കൂളില്‍ അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ. ബൈജുനാഥ് നിര്‍വഹിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭ മാസത്തില്‍ രണ്ട് തവണ ഓരോ വാര്‍ഡുകളിലും നിശ്ചിത കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കും. കഴുകി വൃത്തിയാക്കി ഉണക്കിയ മാലിന്യം പൊതുജനങ്ങള്‍ക്ക് പ്രസ്തുത കേന്ദ്രങ്ങളിലത്തെിച്ച് നഗരസഭ തൊഴിലാളികളെ എല്‍പ്പിക്കാവുന്നതാണ്.

ഇതിനായി നഗരസഭയില്‍ നിലവിലുള്ള ഹെല്‍ത്ത് വിഭാഗത്തിന് പുറമെ പ്രത്യേക ഡിവിഷന് രൂപം നല്‍കിയിട്ടുണ്ട്. ഒരു എഎച്ച്‌ഐയുടെ നേതൃത്വത്തില്‍ മൂന്ന് തൊഴിലാളികളെ മാലിന്യശേഖരണത്തിന് മാത്രമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകവാഹനവും നഗരസഭ വാങ്ങിയിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. നഗരസഭയിലെ 52 വാര്‍ഡുകളില്‍ നിന്നായി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍െറ ടീം കേരള കമ്പനിക്ക് കൈമാറും. ക്രമേണ പ്ലാസ്റ്റിക് റീ സൈക്ലിംഗ് സംവിധാനം നഗരസഭയില്‍ തന്നെ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഇതിന് പുറമെ ജൈവമാലിന്യം സംസ്കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റ് സംവിധാനങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ഒന്നിനു ശേഷം പ്ലാസ്റ്റിക് തെരുവിലോ പൊതുസ്ഥലത്തോ നിക്ഷേപിക്കുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. 40 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടുകെട്ടാന്‍ പരിശോധന ശക്തിപ്പെടുത്തും. തലശേരിയെ പൂര്‍ണമായും മാലിന്യ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുമായി വ്യാപാരികളും പൊതുജനങ്ങളും പൂര്‍ണമായി സഹകരിക്കണമെന്നും ചെയര്‍മാന്‍ സി.കെ. രമേശന്‍ അഭ്യര്‍ഥിച്ചു.

വൃത്തിഹീനവും പ്രാഥമിക സൗകര്യങ്ങളില്ലാത്തതുമായ സ്ഥലങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടികളുമായി നഗരസഭ മുന്നോട്ടുപോകും.  അടിസ്ഥാന സൗകര്യം ഒരുക്കാത്ത താമസ സ്ഥലങ്ങള്‍ അടച്ചു പൂട്ടും. ഇതിന്‍െറ ഭാഗമായി ഇത്തരം താമസ സ്ഥലങ്ങളുടെ ഉടമകളായ ഒമ്പത് പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ വര്‍ധിച്ചു വരുന്ന കഞ്ചാവ്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എക്‌സൈസ്, പൊലീസ് എന്നിവരുടെ യോഗം നഗരസഭ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

വൃത്തിഹീനമായ വിധം തട്ടുകടകളില്‍ ഭക്ഷണം ഉണ്ടാക്കുന്നതായ പരാതി അന്വേഷിക്കാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പരാതികള്‍ ഗൗരവത്തോടെയാണ് നഗരസഭ കാണുന്നത്. പരിശോധന ശക്തമാക്കും. നിബന്ധനകള്‍ക്ക് വിരുദ്ധമായി എതെങ്കിലും തട്ടുകടകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ നജ്മാ ഹാഷിം, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. രാഘവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ദിവാകരന്‍ എന്നിവരും സംബന്ധിച്ചു.

Related posts