തിരൂര്‍: പെയ്‌മെന്റ് സീറ്റിനെ ചൊല്ലി തിരൂരില്‍ സിപിഎമ്മിനുള്ളില്‍ പൊട്ടിത്തെറി. ഇടതു മുന്നണി സ്ഥാനാര്‍ഥിയായി തിരൂരിലെ വ്യവസായിയെ നിറുത്താനുള്ള സിപിഎമ്മിന്റെ തീരുമാനമാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിനും എതിര്‍പ്പുകള്‍ക്കും ഇടയായിരിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സ്ഥാനാര്‍ഥി ചര്‍ച്ചയിലായിരുന്നു ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചത്. സിപിഎം നേതാക്കള്‍ വ്യവസായിയുടെ പേരില്‍ ഉറച്ചു നിന്നതോടെ ഏതാനും അംഗങ്ങള്‍ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നു.
വ്യവസായിയെ മത്സരത്തിന് കൊണ്ടുവരുന്നതെങ്കില്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇവര്‍ യോഗത്തില്‍ അറിയിച്ചു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ തഴഞ്ഞു ഇത്തരക്കാരെ സ്വീകരിക്കുന്ന നിലപാടുമായി പാര്‍ട്ടി മുന്നോട്ടു പോയാല്‍ വലിയ തിരിച്ചടിയാകുമെന്നും ഇവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂട്ടായി ബഷീറിനെയോ മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി ശിവദാസനെയോ മത്സരിപ്പിക്കണമെന്നായിരുന്നു പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വി.എസ് പക്ഷക്കാരായ ഇരുവരെയും മത്സരിപ്പിക്കുന്നതിനോട് പാര്‍ട്ടിയിലെ മറുവിഭാഗം എതിര്‍ക്കുകയും സീറ്റ് വ്യവസായിക്ക് നല്‍കാന്‍ ധാരണയാവുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് മറ്റു നേതാക്കളോടൊപ്പം വ്യവസായിയുടെ പേരും ഉയര്‍ന്നു വന്നിട്ടുണ്ടെന്നും ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വിയോജിപ്പ് പ്രകടിപ്പിച്ച് ഇറങ്ങി പോയ കമ്മിറ്റി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തിരൂരില്‍ സിപിഎമ്മിനുള്ളില്‍ പേയ്‌മെന്റ് സീറ്റ് വിവാദം ഉയര്‍ന്നിരുന്നു.