കോട്ടയം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കറുത്ത അധ്യായമാണ് ബാബു ചാഴിക്കാടന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ കാലത്ത് കണ്ണ് നനയിക്കുന്ന ഓര്‍മയാണ് ബാബു ചാഴികാടന്‍ എന്ന പേര്. 1991 മേയ് 15നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിമിന്നലേറ്റു മരിച്ചത്. തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയര്‍ന്ന 1991ലെ മെയ് മാസം. നാലു വര്‍ഷത്തെ ഭരണത്തിന് ശേഷം അധികാരമൊഴിഞ്ഞ ഇ.കെ. നയനാര്‍ നയിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുന്ന സമയം.
ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചത് ബാബു ചാഴിക്കാടനെയായിരുന്നു. സന്തോഷപൂര്‍വം പാര്‍ട്ടി തീരുമാനം അംഗീകരിച്ച ബാബു ചാഴിക്കാടന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനും വോട്ടഭ്യര്‍ഥിക്കാനും രാവെന്നോ പകലെന്നോ ഇല്ലാതെ ഓടിയെത്തി. പ്രചാരണം ഉച്ചസ്ഥായിലെത്തിയ മെയ് 15-ാം തീയതിയുടെ സായാഹ്നം. യുഡിഎഫിലെ കരുത്തുറ്റ യുവനേതാവ് രമേശ് ചെന്നിത്തലയുമൊത്ത് പ്രചാരണ പരിപാടിയുടെ ഭാഗമായി ആര്‍പ്പൂക്കര വാരിമുട്ടത്തെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കവേ പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ ബാബു ചാഴിക്കാടനു മിന്നലേല്‍ക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന രമേശ് ചെന്നിത്തല പിറകിലേക്ക തെറിച്ചു വീണു. സംഭവം കണ്ടു നിന്ന പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ നേതാക്കളെ വാരിയെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക പാഞ്ഞു. നിസാര പരിക്കുകളോടെ രമേശ് ചെന്നിത്തല രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബാബു ചാഴികാടന്‍ ലോകത്തോട് വിടപറഞ്ഞിരുന്നു.
കേരള തെരഞ്ഞെടുപ്പ ചരിത്രത്തിലെ ഇരുണ്ട ദിനമായാണ് രാഷ്ട്രീയ നേതൃത്വം ഇന്നും ആ സംഭവം ഓര്‍ത്തെടുക്കുന്നത്. ബാബു ചാഴിക്കാടന്റെ ആകസ്മികമായ മരണത്തെ തുടര്‍ന്നു ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് ചാഴികാടന്‍ സ്ഥാനാര്‍ഥിയായി. തോമസ് ചാഴിക്കാടനെ വലിയ ഭൂരിപക്ഷത്തോടെയാണ് അന്നു ജനങ്ങള്‍ വിജയിപ്പിച്ചത്.
ഒരു രാഷ്്ട്രീയ നേതാവിനു വേണ്ട എല്ലാ കഴിവുകളും ഒത്തിണങ്ങിയ പ്രതിഭയായിരുന്നു ബാബു ചാഴിക്കാടന്‍. തന്റെ പ്രവര്‍ത്തന ശൈലികൊണ്ട് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. അറിവും വിവേകവുമാണ് ചെറുപ്രായത്തില്‍ തന്നെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവ നിരയിലേക്ക് ബാബു ചാഴിക്കാടനെ ഉയര്‍ത്തിയത്. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെഎസ്‌സിയിലൂടെയാണ് ബാബു ചാഴിക്കാടന്‍ രാഷ്്ട്രീയത്തിലെത്തുന്നത്. പിന്നീട് യൂത്ത് ഫ്രണ്ടിന്റെ നേതൃനിരയിലെത്തി. ഇരു പ്രസ്ഥാനത്തിന്റെയും സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.
പാര്‍ട്ടി നല്കുന്നത് വിനയത്തോടെ സ്വീകരിക്കുകയായിരുന്നു ബാബു ചാഴികാടന്റെ രീതിയെന്ന് അദ്ദേഹത്തിന്റെ അന്നത്തെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. കരം പിടിച്ചുനിന്ന പ്രിയസുഹൃത്തിന്റെ ജീവന്‍ പൊലിയുന്നതു നിസഹായനായി കണ്ടു നില്‍ക്കേണ്ടി വന്നതു തന്റെ ജീവതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവമാണെന്നാണു രമേശ് ചെന്നിത്തല ഇതേപ്പറ്റി പിന്നീട് പറഞ്ഞത്. ഏറ്റവും നല്ല പൂക്കള്‍ ആദ്യം തെരഞ്ഞെടുത്ത് പറിക്കുന്ന തോട്ടക്കാരനാണ് മരണം എന്നാണ് ബാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പില്‍ക്കാലത്ത് അനുസ്മരിച്ചത.