വിതുര: വലുതും ചെറുതുമായി പന്ത്രണ്ടിലധികം കുടിവെള്ള പദ്ധതികളാണ് മൂന്നു പതിറ്റാണ്ടിനിപ്പുറം തുടങ്ങിയത്. പക്ഷേ ഇവയില്‍ ഒന്നുപോലും കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പലതും പാതിവഴിയില്‍ നിലച്ചു. തുടങ്ങിയ കുടിവെള്ള പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ജില്ലയിലെ ഏക പഞ്ചായത്താണ് തൊളിക്കോട് ഗ്രാമ പഞ്ചായത്ത്.
പൂര്‍ത്തീകരിച്ചൂ എന്നവകാശപ്പെട്ട് ഉത്ഘാടന മാമാങ്കം നടത്തിയ പദ്ധതികളില്‍ പിന്നീട് ഒരുതുള്ളി വെള്ളംപോലും കിട്ടിയില്ല. ചിലസ്ഥലങ്ങളില്‍ ടാങ്കുകള്‍ നോക്കുകുത്തികളായി. മറ്റിടങ്ങളിലാകട്ടേ ജലശേഖരണികള്‍ കാടുമൂടി അപ്രത്യക്ഷമായി. ഏറ്റവുമൊടുവില്‍ 37കോടി ചെലവിട്ട് 2008ല്‍ പണിതുടങ്ങിയ വിതുര തൊളിക്കോട് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയും തൊളിക്കോട് പഞ്ചായത്തിന്റെ അനാസ്ഥ ഒന്നുകൊണ്ടുമാത്രം എട്ടു വര്‍ഷമായി ഇഴഞ്ഞു നീങ്ങുന്നു.
ജി. കാര്‍ത്തികേയന്റെ ശ്രമഫലമായിട്ടാണ് വിതുരതൊളിക്കോട് ഗ്രാമ പഞ്ചായത്തുകളുടെ ദാഹമകറ്റാന്‍ 37 കോടി ചെലവിട്ട് 2008 മേയില്‍ പുതിപദ്ധതിക്ക് തറക്കല്ലിട്ടത്. വിതുര പഞ്ചായത്തില്‍ പ്രധാന പ്ലാന്റും രണ്ട് പമ്പിംഗ് സ്‌റ്റേഷനും ഓവര്‍ ഹെഡ് ടാങ്കുകളും തൊളിക്കോട് പഞ്ചായത്തില്‍ രണ്ട് സ്ഥലങ്ങളില്‍ ഓവര്‍ഹെഡ് ടാങ്കുകളും ഒരു പമ്പിംഗ്് സ്‌റ്റേഷനും നിര്‍മിച്ച് പദ്ധതി നടപ്പാക്കാനായിരുന്നൂ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. മുപ്പത്തിയേഴ് കോടി ചെലവിട്ട് നടപ്പാക്കുന്ന പദ്ധതിക്ക് വിതുര പഞ്ചായത്തില്‍ മുക്കാല്‍ ഭാഗം പണികളും പൂര്‍ത്തിയായി.
ചെറ്റച്ചല്‍ മേലേമുക്ക് വാവുപുരക്കു സമീപമം വാമനപുരം നദിയില്‍ നിന്നും ജലം ശേഖരിക്കുന്നതിനായി ട്രീറ്റ് മെന്റ് പ്ലാന്റിന്റെ പണി ഏതാണ്ട് അവസാന ഘട്ടത്തിലാണ്. വിതുര താവക്കലിലും ഓവര്‍ഹെഡ് ടാങ്കിന്റെ പണി ദ്രുതഗതിയില്‍ മുന്നേറുന്നു. പ്ലാന്റിനായി ഒരേക്കര്‍ പത്ത് സെന്റ് സ്ഥലം വിതുര പഞ്ചായത്ത് വാങ്ങി നല്‍കി. ഇനി വസ്തു വാങ്ങാനുള്ളത് കുണ്ടാളം കുഴിയില്‍ മാത്രമാണ്. പദ്ധതിക്കായി 45 കിലോമീറ്റര്‍ ദൂരം ഗാര്‍ഹിക പൈപ്പുകള്‍ ഇട്ടുകഴിഞ്ഞു.
എന്നാല്‍ തൊളിക്കോട് പഞ്ചായത്ത് എട്ട് വര്‍ഷം കഴിഞ്ഞിട്ടും കാര്യമായൊരു ഉത്സാഹം ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല. കല്ലോട്ടു പാറ, പച്ചമല എന്നീ സ്ഥലങ്ങളില്‍ ഓവര്‍ഹെഡ് ടാങ്കുകള്‍ നിര്‍മിക്കാനുള്ള സ്ഥലം കണെ്ടത്താനോ വസ്തു ജലസേജന വകുപ്പിനു കൈമാറാനോ പഞ്ചായത്ത് ഭരണ സമിതിക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിലവിലെ ബജറ്റില്‍ തനതു ഫണ്ടില്‍ ഇതിനായി പണം വകയിരുത്തിയിട്ടുമില്ല.
പച്ചമല, തേക്കും മൂട് ആംഗനവാടിക്കു സമീപം വസ്തുവാങ്ങാനുള്ള തീരുമാനം ഇതുവരെ ലക്ഷ്യം കണ്ടില്ല. കല്ലോട്ടു പാറയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഇതിനിടെ വസ്തു സൗജന്യമായി വിട്ടു നല്‍കാമെന്ന ഉറപ്പുമായി നാട്ടുകാരിലൊരാള്‍ മുന്നോട്ടു വന്നിരുന്നു. പിന്നീട് ഈ വഴിക്കും ശ്രമങ്ങള്‍ നടന്നില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന പ്രദേശമാണ് തൊളിക്കോട് പഞ്ചായത്ത്.
കിണര്‍കുഴിച്ചാല്‍പ്പോലും വെള്ളം കിട്ടാത്ത തേവന്‍പാറ,തുരുത്തി, പച്ചമല, തേക്കുംമൂട്, എന്നീ പട്ടികജാതി കോളനികളില്‍ കുടിനീരെത്തിക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമായിരുന്നു. കൂടാതെ കാരക്കന്‍തോട്ടം, ചെട്ടിയാന്‍പാറ, മേത്തോട്ടം, ചെരുപ്പാണി, പൊന്‍പാറ തുടങ്ങിയ പിന്നാക്ക മേഖലയിലും സമ്പൂര്‍ണ കുടിവെള്ള പദ്ധതിപ്രകാരം ദാഹനീരെത്തിക്കാന്‍ സാധിച്ചേനെ. ഈ പ്രതീക്ഷകളൊക്കെ അസ്ഥാനത്താക്കി കൊണ്ടാണ് തൊളിക്കോട് പഞ്ചായത്ത് ഭരണ സമിതി അനാസ്ഥ തുടരുന്നത്. പദ്ധതി പൂര്‍ത്തീകരിച്ചാല്‍ രണ്ടു പഞ്ചായത്തുകളിലായി 885 പട്ടിക വര്‍ഗ കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.