കോട്ടയം: തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ തോടുകളില്‍ പോളയും പായലും നിറഞ്ഞു. വേലിയേറ്റ സമയത്താണ് ഏറ്റവുമധികം പായലും പോളയും തോടുകളിലേക്ക് കയറുന്നത്. വൈകുന്നേരം നാലു കഴിഞ്ഞാല്‍ ജലമാര്‍ഗം സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ഈ സമയത്താണ് വേമ്പനാട്ടു കായലില്‍നിന്നും വേലിയേറ്റം ഏറ്റവുമധികം അനുഭവപ്പെടുന്നത്. കായലില്‍നിന്നുള്ള പായലും പോളയും തോടുകളിലേക്ക് കയറി ചെറിയ തോടുകള്‍ വരെ പോള തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇതോടെ വള്ളത്തില്‍ സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.
മണിയാപറമ്പ്, മഞ്ചാടിക്കരി, കൈപ്പുഴ മുട്ട്, കവണാറ്റിന്‍കര തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ കുടിവെള്ളം ശേഖരിക്കാന്‍ വള്ളത്തിലാണ് പോകുന്നത്. വൈകുന്നേരങ്ങളില്‍ തോട്ടില്‍ പോള നിറയുന്നതിനാല്‍ കുടിവെള്ളം ശേഖരിക്കാന്‍ പോകാനാവാതെ വലയുകയാണ് പടിഞ്ഞാറന്‍ പ്രദേശത്തുള്ളവര്‍.തണ്ണില്‍മുക്കം ബണ്ട് തുറക്കുന്നതിനും മുമ്പും തോടുകളില്‍ പായലും പോളയുമുണ്ടായിരുന്നു. പക്ഷേ ഇവ സാവധാനം പടിഞ്ഞാറോട്ട് ഒഴുക്കി വിട്ടാല്‍ കുറച്ചൊക്കെ മാറുമായിരുന്നു. എന്നാല്‍ ബണ്ട് തുറന്നതോടെയാണ് വേലിയേറ്റ സമയത്ത് വന്‍തോതില്‍ പായലും പോളയും തോടുകളിലേക്ക് കയറാന്‍ തുടങ്ങിയത്. ബണ്ട് അടയ്ക്കുന്നതുവരെ ദുരിതം തുടരും.