ചങ്ങനാശേരി: കഴിഞ്ഞദിവസം ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്ത പോണ്ടിച്ചേരി സ്വദേശി ദീപക് ജാംഗ്ലിന്‍ കംപ്യൂട്ടര്‍ ഡിപ്ലോമക്കാരന്. 22 വയസിനിടയില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി ദീപക്കിന്റെ പേരിലുള്ളത് അമ്പതിലേറെ മോഷണ കേസു കള്‍. പല കേസുകളിലായി നാലുലക്ഷത്തിലേറെ രൂപയും 14 പവന് സ്വര്‍ണവും കവര്‍ന്നതായാണ് കേസ്. തമിഴ്നാട്ടില്‍ രണ്ട് തവണ ജയില്‍ശിക്ഷ അനുഭവിച്ചു. രണ്ടുവര്‍ഷം മുമ്പ് ജെസിബി ഓപ്പറേറ്ററായാണ് ദീപക് കൊല്ലം നെടുമണ്കാവിലെത്തിയത്്. കുറച്ചു ദിവസങ്ങള്‍ മാത്രമാണ് ദീപക് ഈ ജോലി നോക്കിയത്.
തുടര്‍ന്ന് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. മോഷണങ്ങള്‍ നടത്തി പണവുമായി പോണ്ടിച്ചേരിയിലെത്തുമ്പോള് ജെസിബി ഓപ്പറേറ്ററാണെന്നുതന്നെയാണ് വെളിപ്പെടുത്തിയിരുന്നത്. പോണ്ടിച്ചേരിയിലുള്ള കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ഭാര്യ ദീപയുടെ പഠനച്ചെലവും മോഷണത്തുക വിനിയോഗിച്ചാണ് ദീപക് നടത്തിയിരുന്നത്. മോഷണത്തിലൂടെ ലഭിച്ച തുക വിനിയോഗിച്ച് ദീപക് ഒരു ബൈക്കും വാങ്ങി.
പായിപ്പാട് നാലുകോടി ആലത്തറ മോനിച്ചന്റെ വീട്ടില്‍ നിന്നും 77000 രൂയും ടോര്‍ച്ചും, സുല്‍ത്താന്‍ബത്തേരി പാട്ടവയലില്‍ നിന്നും ഇരുപതിനായിരം രൂപയും രണ്ട് പവന് സ്വര്‍ണവും, കാസര്‍ഗോഡ് ബസ്സ്റ്റാന്‍ഡിനടുത്തുള്ള നാല് വീടുകളില്‍ നിന്നു സ്വര്‍ണവും പണവും, പയ്യന്നൂര്‍ പഴയങ്ങാടി കോളജിനു സമീപത്തുള്ള വീട്ടില്‍ നിന്നു 46,000രൂപ, തളിപ്പറമ്പ് ഇരുമ്പനംപാറ ഭാഗത്തുള്ള വീട്ടില്‍ നിന്നു 13,200രൂപ, തിരുവനന്തപുരത്തുള്ള ഒരു വീട്ടില്‍ നിന്നു രണ്ട് പവനും പതിനായിരം രൂപയും, ആലപ്പുഴ ബോട്ട് ജെട്ടിക്കടുത്തുള്ള വീട്ടില്‍ നിന്നു ആറായിരം രൂപ എന്നിങ്ങനെ മോഷണം നടത്തിയതായും ദീപക് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തളിപ്പറമ്പ് കണ്ടിച്ചിക്കുടി മഠത്തില്‍ വീട്ടില്‍ നിന്നും 4600രൂപയും മോഷ്ടിച്ചിട്ടുണ്ട്. ജൂണ്‍ 27ന് കോട്ടയം കഞ്ഞിക്കുഴി തൊമ്മച്ചന്പടി പാറപ്പുറം ജയകുമാറിന്റെ വീടിന്റെ വെന്റിലേഷന് പൊളിച്ചെങ്കിലും മോഷണം വിഫലമായിരുന്നു. തമിഴ്നാട്ടിലെ മോഷണ കേസിലെ ജയില്‍വാസത്തിനിടെ സഹതടവുകാരനായ ദീപുരാജുമായി പരിചയപ്പെടുകയും ഇയാളുമായി ചേര്‍ന്ന് മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ 15 മോഷണങ്ങള്‍ നടത്തിയതായും ദീപക് മൊഴി നല്‍കിയിട്ടുണ്ട്. ആദ്യമായാണ് ഇയാള്‍ കേരള പോലീസിന്റെ പിടിയിലാകുന്നത്. തമിഴ്നാട്ടില്‍ നിരവധി മോഷണക്കേസുകളുള്ള ദീപക് രണ്ടുതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ദീപകിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് മോഷണത്തിനിരയായ പലരും പരാതിയുമായി എത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.