തൃശൂര്‍: കൊലക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് തിരുച്ചംകോട്ട് ചെങ്കോട്ടപാളയം സ്വദേശി ശംഭു എന്നു വിളിക്കുന്ന ഷണ്‍മുഖനെ(35) കൊലപ്പെടുത്തി ചാലക്കുടി പുഴയില്‍ തള്ളിയ കേസിലാണ് ഒമ്പതു പ്രതികള്‍ക്കും ശിക്ഷ വിധിച്ചത്. ചെങ്കോട്ടപ്പാളയം സ്വദേശി ശരവണന്‍(35), ഭാര്യ ശിവകാമി(25), തിരുച്ചംകോട് സ്വദേശി ശെന്തില്‍(23), നാമക്കല്‍ ചെട്ട്യാര്‍തെരുവ് സ്വദേശി ലക്ഷ്മണന്‍(23), ഈറോഡ്പാളയം സ്വദേശി രമേഷ്(25), സേലം സന്യാസിഗുണ്ട് സ്വദേശി ജഗദീഷ് (25), രാമനാഥപുരം സ്വദേശി രംഗസ്വാമി (24), നാമക്കല്‍ മംഗളപുരം സ്വദേശി മുത്തു (30) മോട്ടൂര്‍തിരി സ്വദേശി അങ്കമുത്തു (29) എന്നിവരെയാണ് ശിക്ഷിച്ചത്.
പിഴത്തുക ഓരോരുത്തര്‍ക്കും വിവിധ വകുപ്പുകളിലായി നാല്‍പ്പതിനായിരം രൂപയോളം വരും. പിഴത്തുകയില്‍ രണ്ടര ലക്ഷം രൂപ കൊല്ലപ്പെട്ട ഷണ്‍മുഖന്റെ മകള്‍ക്ക് നല്‍കാനും കോടതി വിധിച്ചു.2004 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട്ടിലെ തിരുച്ചംകോട്ട് കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ഷണ്‍മുഖന്‍. തമിഴ്‌നാട്ടിലെ നാമക്കലില്‍ തിരുച്ചംകോട്ട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അളകരശന്‍ കൊല്ലപ്പെട്ട കേസിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ഷണ്‍മുഖന്‍. പ്രതികള്‍ക്കെതിരെ ഷണ്‍മുഖന്‍ സാക്ഷിമൊഴി നല്‍കിയതിനു തൊട്ടുപിന്നാലെ പ്രതികളെ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി.
ചോറ്റാനിക്കരയിലെ ലോഡ്ജില്‍ വെച്ച് പ്രതികളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഷണ്‍മുഖന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ കൈകാലുകള്‍ വരിഞ്ഞുകെട്ടി ചാലക്കുടിയില്‍ എത്തിച്ച ശേഷം കഴുത്തറുത്ത് ഷണ്‍മുഖനെ കൊലപ്പെടുത്തുകയും ചാലക്കുടി പുഴയില്‍ തള്ളുകയുമായിരുന്നു. അളകരശന്‍ കൊലക്കേസില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് പ്രതികള്‍ കൊല നടത്തിയത്. ഷണ്‍മുഖന്റെ മൃതദേഹം പരിശോധിച്ച ചാലക്കുടി ഡിവൈഎസ്പിമാരായ ജോളി ചെറിയാനും കെ.എസ്.സുദര്‍ശന്‍, കെ.പി.ജോസ് എന്നിവര്‍ക്ക് ഷണ്‍മുഖന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ശരവണന്റെ പേരെഴുതിയ കടലാസ് കിട്ടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. തമിഴ്‌നാട് ഡിവൈഎസ്പി സുബ്രഹ്മണ്യനും കേസന്വേഷണത്തില്‍ സഹായിച്ചു.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ നിഗമനങ്ങളും അടിസ്ഥാനമാക്കിയാണ് പ്രതികള്‍ കുറ്റം ചെയ്തതായി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ. ഇല്ലിക്കാടന്‍ വിധിച്ചത്. കേസിലെ പത്താംപ്രതി ഒളിവിലാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഡ്വ. ബബില്‍ രമേഷ്, അഡ്വ. സുധീഷ് മേനോന്‍ എന്നിവര്‍ ഹാജരായി.