തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വിശ്വാസികളായ ഹിന്ദു സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 32 ശതമാനം സംവരണം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് നിയമ ഭേദഗതി ബില്ലില്‍ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലും സംവരണം യാഥാര്‍ഥ്യമാകും.
2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചട്ടത്തില്‍ ഹിന്ദു സമുദായംഗങ്ങള്‍ക്ക് 32 ശതമാനം സംവരണം വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഈ റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമനങ്ങളൊന്നും നടത്തിയിരുന്നില്ല. ആനപാപ്പാന്, പാര്‍ട്ട് ടൈം ശാന്തി നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുക മാത്രമാണു ചെയ്തത്. ഇതിനാല്‍, ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
പിഎസ്സി നിയമനങ്ങളില്‍ പാലിക്കുന്ന അതേ സംവരണക്രമമാണു ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡും പാലിക്കുക. 68 ശതമാനം നിയമനം ജനറല്‍ കാറ്റഗറിയിലും 32 ശതമാനം പിന്നോക്ക സമുദായ സംവരണവുമായാണു നികത്തുന്നത്. പിഎസ്സി നിയമനങ്ങളില്‍ പിന്നോക്ക ഹിന്ദുവിഭാഗങ്ങള്ക്കു പുറമെ മുസ്ലിം, ലത്തീന്‍ കത്തോലിക്ക തുടങ്ങിയ ഇതര സമുദായങ്ങള്‍ക്ക് 17 ശതമാനം സംവരണം അനുവദിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് നിയമനത്തിന് ആ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാനാകില്ല. ഈ വിഭാഗത്തിന്റെ 17 ശതമാനം സംവരണം ജനറല്‍ കാറ്റഗറിയില്‍ നികത്തും.