വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പൂര്‍ണമായും തകര്‍ന്നുകിടക്കുന്നതിനാല്‍ അവിടവിടെ മാത്രമായുള്ള ഓട്ടയടയ്ക്കല്‍ ശാശ്വത പരിഹാരമല്ലെന്നും 30 കിലോമീറ്റര്‍വരുന്ന റോഡ് റീ ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കണമെന്ന ആവശ്യം ശക്തം. റോഡില്ലാത്തവിധമാണ് പലയിടത്തും ദേശീയപാത തകര്‍ന്നുകിടക്കുന്നത്. പന്നിയങ്കര, ചുവട്ടുപ്പാടം, പന്തലാംപാടം, വാണിയമ്പാറ ചെക്കുപോസ്റ്റ്, കൊമ്പഴ, ഇരുമ്പുപാലം,കുതിരാന്‍ വളവുകള്‍,കല്ലിടുക്ക്് തുടങ്ങിയ പ്രദേശങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മഴ പെയ്താല്‍ തോട്ടിലൂടെ പോകുന്നപോലെയാണ് ഇവിടെ വാഹനങ്ങള്‍ പോകുന്നത്. കുഴി അടയ്ക്കുന്നതും ഇവിടെ പ്രായോഗികമല്ല.
നൂറ്റി അമ്പതും ഇരുനൂറും മീറ്ററില്‍ ഇവിടെയൊക്കെ റോഡില്ലാത്ത സ്ഥിതിയാണ്. ബസുടമകളുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വെള്ളത്തിലാണ് ഇപ്പോള്‍ ഓട്ടയടയ്ക്കല്‍ നടക്കുന്നത്. ഇതിന് ദിവസങ്ങളോ ആഴ്ചയോ മാത്രമെ നിലനില്‍പ്പുള്ളൂ. പിന്നെ കുഴി തുറന്ന് പഴയസ്ഥിതിയിലാകും. വാഹനം ഓടിക്കാനാകാത്തവിധം കുഴി നിറഞ്ഞ് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് ഓട്ടയടയ്ക്കല്‍ പ്രഹസനം നടക്കുന്നത്. ആറുവരിപാത നിര്‍മാണം അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍ നിലവിലുള്ള റോഡ് വലിയ കേടുപാടുകളില്ലാതെ നിലനിര്‍ത്തേണ്ടതുണ്ട്. അതല്ലെങ്കില്‍ മാസത്തില്‍തന്നെ പലതവണ കുഴി അടയ്ക്കല്‍ ചടങ്ങ് നടത്തേണ്ടിവരും.
ആറുവരിപാതയ്ക്കായി പലയിടത്തും പുതിയ റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കണക്ട് ചെയ്ത് വാഹനങ്ങള്‍ക്ക് പോകാനുള്ള സൗകര്യം ഒരുക്കിയാല്‍ പഴയ റോഡിലെ കുഴിമൂലമുള്ള വാഹനകുരുക്ക് കുറേ കുറയ്ക്കാനാകുമെന്ന് വാഹനഉടമകള്‍ പറയുന്നു. പാതിനിലയില്‍ നിര്്ത്തിവച്ച കല്‍വര്‍ട്ടുകളാണ് ഈ കണക്്ഷന് പാതകള്‍ക്ക് തടസം നില്‍ക്കുന്നത്. ഇത്തരം കല്‍വര്‍ട്ടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനി തയ്യാറാകണമെന്നാണ് ആവശ്യം. മഴയില്‍ ചെയ്യാവുന്ന പണികളാണ് ഇതെല്ലാം. നിശ്ചിതശതമാനം പണികള്‍ പൂര്‍ത്തിയാക്കിയെന്ന് കാണിച്ച് ബാങ്കുകളില്‍ നിന്നും വായ്പ ശരിപ്പെടുത്തിയെടുക്കാനായിരുന്നു പലയിടത്തായി പാതവികസനം നടത്തി കണ്ണില്‍പൊടിയിടുന്ന തന്ത്രം ആറുവരിപാത കരാര്‍ എടുത്തിട്ടുള്ള കമ്പനി നടത്തുന്നത്.
എന്നാല്‍ ഇത്തരം തരികിട പണികള്‍ കണ്ട് ബാങ്കുകള്‍ വായ്പ അനുവദിക്കാത്തതാണ് കരാര്‍ കമ്പനിയെ ഇപ്പോള്‍ സാമ്പത്തിക ഞെരുക്കത്തിലാക്കിയിട്ടുള്ളത്. പണം ലഭിക്കാനുള്ളവര്‍ ഓരോ ദിവസം മാറിമാറി പ്ലാന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതിനാല്‍ മെല്ലെപോക്ക് പണികളും ഒരാഴ്ചയായി തടസപെട്ടു.ദിവസങ്ങളും ആഴ്ചയും കാലാവധി പറഞ്ഞ് തല്ക്കാലം ഒഴിവാക്കിയ പ്രതിസന്ധി ഈ ആഴ്ച കൂടുതല്‍ സങ്കീര്‍ണമായി വീണ്ടും തലപൊക്കും. ഇത് കുതിരാനിലെ ടണല്‍ നിര്‍മാണവും നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലെത്തും.
ടണല്‍ നിര്‍മിക്കുമ്പോഴുള്ള പാറകല്ലുകളെല്ലാം പന്നിയങ്കരയിലെ പ്ലാന്റിലേക്കാണ് കൊണ്ടുവരുന്നത്. എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുമ്പോള്‍ കുതിരാനില്‍ നിന്നും കല്ലുായി വരുന്ന ടിപ്പറുകളും വഴിയില്‍ നില്ക്കുന്ന സ്ഥിതിയാണ്. ഏന്തായാലും റോഡ് തകര്‍ച്ച രൂക്ഷമായതോടെ ടയര്‍ പഞ്ചറടയ്ക്കുന്ന വര്‍ക്കുഷോപ്പുകളുടെ എണ്ണം േേദശീയപാതയോരത്ത് പെരുകിയിട്ടുണ്ട്. എല്ലാവരും റോഡിലേക്ക് ബോര്‍ഡ് ഇറക്കിവെച്ച് ഇരകളെ കാത്തിരിയ്ക്കുകയാണ്.