നെയ്യാറ്റിന്‍കര: ബസ് സ്റ്റോപ്പുകളില്‍ വെയിറ്റിംഗ് ഷെഡുകളില്ലാത്തത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു. കരമന- കളിയിക്കാവിള ദേശീയപാതയിലും സ്ഥിതി വ്യത്യസ്തമല്ല. വെടിവെച്ചാന്‍കോവിലിനു സമീപം പാരൂര്‍ക്കുഴിയില്‍ നിര്‍മിച്ച വെയിറ്റിംഗ് ഷെഡ് നിലംപതിച്ചു. പലയിടത്തെയും പുതിയ വെയിറ്റംഗ് ഷെഡുകളെക്കുറിച്ച് വ്യാപകമായ പരാതിയുമുണ്ട്. ഇരിപ്പിടങ്ങളുടെ സ്ഥാനത്ത് നീളന്‍ കമ്പികളാണ് ക്രമീകരിച്ചിരിക്കുന്നത്.
വൃദ്ധരെയും വനിതകളെയും സംബന്ധി ച്ചിടത്തോളം ഇത്തരം ഇരിപ്പിടങ്ങളില്‍ ഇരിക്കാ നാവില്ല. ബാലന്‍സ് തെറ്റി വീണേക്കുമെന്ന ആശങ്കയാണ് വയോജനങ്ങള്‍ക്ക്. ബാലരാമപുരത്ത് മുമ്പുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പിന്നീട് കുറച്ചുകാലം ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗ് ഏര്യയായി. ബസ് സ്റ്റോപ്പ് മാറ്റിയതാണ് കാരണം. ഇപ്പോള്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വിഴിഞ്ഞം, കാട്ടാക്കട എന്നിങ്ങനെ ഏതു ഭാഗങ്ങളിലേയ്ക്ക് പോകാനുള്ള സ്റ്റോപ്പിലും വെയിറ്റിംഗ് ഷെഡുകളില്ല.
ആറാലുംമൂട് ചന്തയ്ക്കു സമീപത്തെ വെയിറ്റിംഗ് ഷെഡ് ഏതു നിമിഷവും ഇടിഞ്ഞു വീണേക്കാമെന്ന നിലയിലാണ്. മൂന്നുകല്ലിന്‍മൂട്, ആലുംമൂട് ജംഗ്ഷനുകളില്‍ വെയിറ്റിംഗ് ഷെഡ് ഒരു ഭാഗത്തു മാത്രമേയുള്ളൂ. ടി ബി ജംഗ്ഷന്‍, വഴിമുക്ക് മുതലായവിടങ്ങളില്‍ റോഡരികിലെ വ്യാപാരസ്ഥാ പനങ്ങളുടെ മുന്‍വശങ്ങളാണ് യാത്രക്കാരുടെ അഭയസങ്കേതം. ഇപ്പോഴത്തെ ചുട്ടു പൊള്ളുന്ന വെയിലില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ വെന്തുരുകുമ്പോഴും അധികൃതര്‍ക്ക് യാതൊന്നും കണ്ട ഭാവമില്ലെന്നും ആക്ഷേപമുണ്ട്.