തൃശൂര്‍: റവന്യൂ അധികൃതര്‍ അടച്ചുപൂട്ടിച്ച നടത്തറ അച്ചന്‍കുന്നിലെ മെറ്റല്‍ ക്രഷര്‍ യൂണിറ്റ് തുറക്കുന്നതില്‍ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കാത്തതിനു ജില്ലാ ഭരണകൂടത്തിനെതിരേ കോടതിയലക്ഷ്യ നടപടി വരുന്നു. നിയമവിധേയമായ രേഖകള്‍ സഹിതം പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ്‌സ് ഗ്രാനൈറ്റ്‌സുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തി 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ മാസം 21 നാണു ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റീസ് കെ. വിനോദ്ചന്ദ്രന്‍ പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കാനുള്ള കാലാവധി ഈ മാസം ആറാം തീയതി കഴിഞ്ഞു. കാലാവധി കഴിഞ്ഞ് 25 ദിവസംകൂടി പിന്നിട്ടിട്ടും തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു പരാതിക്കാര്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നത്.
ഈ പ്രദേശത്തെ പാറമടകള്‍ക്കെതിരേ ചിലര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് എഡിഎം മേയ് രണ്ടിന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. എഡിഎമ്മിന്റെ നിര്‍ദേശാനുസരണം പാറമടകള്‍ പ്രവര്‍ത്തിക്കുന്ന മുളയം വില്ലേജിലെ 364 സര്‍വേ നമ്പരിലുള്ള ക്വാറികളും ക്രഷറും പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കി. സെന്റ് ജോസഫ്‌സ് ഗ്രാനൈറ്റ്‌സിനും നോട്ടീസ് നല്‍കി. ക്വാറികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തുനിന്ന് മാറി, സര്‍വേ നമ്പര്‍ 483 ലാണു തങ്ങളുടെ സ്ഥാപനമെന്നു ചുണ്ടിക്കാട്ടിയപ്പോള്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ ഉത്തരവില്‍ സര്‍വേ നമ്പര്‍ വെട്ടി തിരുത്തിയാണ് ഉത്തരവു നടപ്പാക്കാന്‍ ആവശ്യപ്പെട്ടത്.
ഇതനുസരിച്ച് ക്രഷര്‍ അടച്ചുപൂട്ടി. സ്വന്തം പേരിലുള്ള റവന്യു ഭൂമിയില്‍ എല്ലാ അനുമതി രേഖകളും സഹിതം നിയമവിധേയമായാണു ക്രഷര്‍ പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ക്രഷര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഡിഎമ്മിനു പരാതി നല്‍കി. രേഖകള്‍ പരിശോധിച്ച എഡിഎം മേയ് നാലിനു സറ്റോപ്പ് മെമ്മോ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി.
എന്നാല്‍ സമരസമിതി വീണ്ടും സമരം തുടങ്ങിയതോടെ ജില്ലാ കളക്ടര്‍ ക്രഷറും ക്വാറികളും വനഭൂമിയിലാണോ പട്ടയഭൂമിയിലാണോ റവന്യൂ ഭൂമിയിലാണോയെന്നു പരിശോധിക്കാന്‍ ജ്ില്ലാ സര്‍വേ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. 364 സര്‍വേ നമ്പരിലുള്ള ഭൂമി വനംവകുപ്പ് റവന്യൂ വകുപ്പിനു കൈമാറിയിട്ടുള്ളതാണെന്നും ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന ഇതേ സര്‍വേ നമ്പരിലുള്ള ഭൂമി വനംഭൂമിയോ പുറമ്പോക്കോ അല്ലെന്നും പട്ടയം നല്‍കിയിട്ടുള്ള ഭൂമിയാണെന്നും ജില്ലാ സര്‍വേ സൂപ്രണ്ട് റിപ്പോര്‍ട്ടു നല്‍കി. സെന്റ് ജോസഫ്‌സ് ഗ്രാനൈറ്റ്‌സ് പ്രവര്‍ത്തിക്കുന്ന മൂന്ന് ഏക്കര്‍ സ്ഥലം 364 സര്‍വേ നമ്പരിലല്ല, 483 സര്‍വേ നമ്പരിലാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കൂടുതല്‍ സ്ഥിരീകരണം ലഭിക്കാന്‍ കളക്ടര്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഫീല്‍ഡ് പരിശോധന നടത്തിയശേഷം ഇക്കഴിഞ്ഞ 14 നു വിശദമായ റിപ്പോര്‍ട്ട് നല്‍കി. സര്‍വേ നമ്പര്‍ 364 ലെ ഭൂമിക്ക് 1977 ല്‍ പട്ടയം നല്‍കിയതാണെന്നും വനഭൂമിയല്ലെന്നും ക്രഷര്‍ പ്രവര്‍ത്തിക്കുന്ന 483 സര്‍വേ നമ്പര്‍ ഭൂമി പട്ടയഭൂമിയാണെന്നുമാണു റിപ്പോര്‍ട്ട്. എന്നാല്‍ സര്‍വേ നമ്പര്‍ 364 ലെ ഭൂമിക്കു പട്ടയം നല്‍കിയിട്ടുണ്ടെങ്കിലും വില്ലേജിലെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ പട്ടയം നല്‍കിയ കാലത്തു വരുത്തേണ്ടിയിരുന്ന തിരുത്തല്‍ വരുത്തിയിട്ടില്ല. പട്ടയം ലഭിച്ച ഈ ഭൂമിക്ക് ഉടമകളില്‍നിന്ന് വര്‍ഷങ്ങളായി നികുതി സ്വീകരിച്ചിട്ടുണ്ട്.
പുറമ്പോക്ക്, വനംഭൂമിയായിരുന്നെങ്കില്‍ നികുതി സ്വീകരിക്കാന്‍ സാധിക്കില്ലായിരുന്നു. പട്ടയം നല്‍കിയതിനനുസരിച്ച് വില്ലേജുകളിലെ അടിസ്ഥാന രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കണമെന്നും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു തെളിവായി 13 രേഖകളും സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചിട്ടും കോടതി നിര്‍ദേശം പാലിച്ചു ക്രഷര്‍ തുറക്കാനുള്ള അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണു കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുന്നത്.