കൊല്ലം: നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നത് ഉപേക്ഷിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവോണദിവസം കൊല്ലം ചിന്നക്കടയില്‍ ഉപവാസ സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കി ഓണത്തിന് നന്മ സ്റ്റോറുകള്‍ പൂട്ടുന്നതിനെതിരേ നന്മസ്റ്റോര്‍ സംരക്ഷണ സമിതി രൂപീകരിച്ചാണ് സമരം ഐഎന്‍ടിയുസി യുവജന വിഭാഗം ദേശീയ വൈസ്പ്രസിഡന്റ് കാഞ്ഞിരംവിള അജയകുമാര്‍ പറഞ്ഞു.
ആവശ്യത്തിന് സാധനങ്ങള്‍ നല്‍കാതെ നന്മ സ്റ്റോറുകള്‍ നഷ്ടത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഡലക്ഷ്യമുണ്ട്. സാമ്പത്തിക തിരിമറിയും മറ്റും നടത്തി കണ്‍സ്യൂമര്‍ഫെഡിന് നഷ്ടമുണ്ടാക്കി വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കവും നടക്കുന്നു.
അഴിമതി നടത്തിയതായി കണ്ടെത്തി വിജിലന്‍സ് കേസില്‍ പ്രതിയാക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പുറത്താക്കി സാധാരണക്കാരായ ജീവനക്കാരെ സംരക്ഷിക്കാന്‍ അധികാരികള്‍ തയാറാകണം. സമരത്തിന് മുന്നോടിയായി ഭരണിക്കാവിലെ ത്രിവേണി സ്റ്റോറിന് അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. തിരുവോണ ദിവസം ചിന്നക്കടയില്‍ നടത്തുന്ന ഉപവാസം ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍.അഴകേശന് മുഖ്യപ്രഭാഷണം നടത്തും.