നാട്ടാന പീഡനത്തിനെതിരെ ഡോക്യുമെന്ററി ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്

TCR-AANAതൃശൂര്‍: നാട്ടാന പീഡനത്തിനെതിരെ പൊതു ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്ന ‘ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്’ ഡോക്യുമെന്ററി തൃശൂരില്‍ പ്രദര്‍ശിപ്പിക്കുന്നു. ഭാരതീയ സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക അനുമതി പത്രം ലഭ്യമായതോടെയാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ദിവസം നിയമസഭാംഗങ്ങള്‍ക്കായി പ്രദര്‍ശനം നടത്തിയിരുന്നു. രണ്ടിന് രാവിലെ പത്തിന് തൃശൂര്‍ കൈരളി തിയേറ്ററിലാണ് സൗജന്യമായി പ്രദര്‍ശനം നടത്തുന്നത്. മൂന്നിന് കോഴിക്കോടും ആറിന് തിരുവനന്തപുരത്തും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

കാനഡയില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശിനിയും പത്രപ്രവര്‍ത്തകയുമായ സംഗീത അയ്യരാണ് ഈ ഡോക്യുമെന്ററിയുടെ നിര്‍മാതാവും ഡയറക്ടറും. ഇതിനകം ഈ ഡോക്യുമെന്ററി വിദേശങ്ങളില്‍ നിന്ന് നിരവധി അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞു. ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, ഇംപാക്ട് അവാര്‍ഡ് ഓഫ് മെറിറ്റ്, ഗോള്‍ഡന്‍ അവാര്‍ഡ് വേള്‍ഡ് ഡോക്യുമെന്ററി, ലോസ് ആഞ്ചലസ് സിനി ഫെസ്റ്റ് അവാര്‍ഡ് തുടങ്ങിയവയാണ് നേടിയത്.

90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിക്ക് 2016 മാര്‍ച്ചില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടന്ന ഇന്റര്‍നാഷണല്‍ എലിഫന്റ് ഫിലിം ഫെസ്റ്റിവലിലേക്ക് നോമിനേഷന്‍ ലഭിച്ചിരുന്നു. ഉത്സവങ്ങളുടെ പകിട്ടുകള്‍ക്കിടയില്‍ പലരും ശ്രദ്ധികാത്തെ നടക്കുന്ന വിവിധ ക്രൂരതകള്‍ ആനകള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ ഡോക്യുമെന്ററി. ദൈവമായി കേരളീയരില്‍ പലരും ആനകളെ ആരാധിക്കുന്നതിനൊപ്പം ആനകളെ ചങ്ങലയ്ക്കിട്ട് പീഡിപ്പിക്കുന്നതിനും കേരളം സാക്ഷിയാകുന്നുവെന്ന വിരോധാഭാസമാണ് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന നിരവധി നേര്‍ക്കാഴ്ചകളും ഡോക്യുമെന്ററിയിലുണ്ട്.

Related posts