മുക്കം: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് അംഗീകാരം നേടിയവര്‍ക്ക് ആദരവൊരുക്കി വാട്‌സ് ആപ്പ് കൂട്ടായ്മ. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുവാടി വാട്‌സ് ആപ്പ് കൂട്ടായ്മയാണ് നാട്ടിലെ താരങ്ങള്‍ക്ക് ആദരവൊരുക്കിയത്. സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഡയറക്ടര്‍ ഇ. രമേശ്ബാബു, അപകടത്തില്‍ പെട്ട സൗദി പൗരന്റെ ജീവന്‍ രക്ഷിച്ച ചെറുവാടി സ്വദേശി നൗഷാദ് കളത്തില്‍ എന്നിവരാണ് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആദരവേറ്റു വാങ്ങിയത്.
സിപിഎം ജില്ലാ കമ്മറ്റി അംഗമായ ഇ. രമേശ് ബാബുവിന് കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനം. സൗദി അറേബ്യയിലെ അബഹ റിയാദ് റൂട്ടില്‍ കാര്‍ ആക്‌സിഡന്റില്‍ പെട്ട സൗദി പൗരന്റെ ജീവന്‍ സാഹസികമായി രക്ഷിച്ച നൗഷാദ് കളത്തിലിന്റെ സഹജീവി സ്‌നേഹം ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആദരിക്കല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വര്‍ഷങ്ങളായി ചെറുവാടിയില്‍ നടന്നുവരുന്ന ജലോത്സവം അടുത്ത വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. ചടങ്ങില്‍ ഗുലാം ഹുസൈന്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. സല്‍മാന്‍ പൊയിലില്‍ ,കെ.വി. അബ്ദുസലാം, മോയന്‍ കൊളക്കാടന്‍, കെ.വി. അബ്ദുറഹിമാന്‍, കെ.സി. മമ്മദ്കുട്ടി, നാസര്‍ ചേലപ്പുറത്ത്, ജമാല്‍ നെച്ചിക്കാട് ,സലീംപാറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.