നാദാപുരം പോലീസ് ഇനി കുതിക്കും ; കണ്‍ട്രോള്‍ റൂമില്‍ പുത്തന്‍ വാഹനങ്ങളെത്തി

KKD-POLICEനാദാപുരം: നാദാപുരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന വാഹനങ്ങള്‍ തിരിച്ചെടുത്തു. പറപറക്കാന്‍ പുത്തന്‍ വാഹനങ്ങളെത്തി. 2011ല്‍ നരിക്കാട്ടേരിയില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചപ്പോള്‍ ക്രമസമാധാനം ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്ന സര്‍ക്കാര്‍ നാദാപുരത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങുകയും മേഖലയിലുടനീളം പട്രോളിംഗ് നടത്താന്‍ ഒമ്പത് വാഹനങ്ങള്‍ അനുവദിക്കുകയും ചെയ്തത്. ഇതില്‍ ഓരോന്നായി കട്ടപ്പുറത്താകുക മാത്രമല്ല പല പ്രദേശത്തേക്കുമുള്ള പട്രോളിംഗ് മുടങ്ങുകയും ചെയ്തു. ഇന്നലെ വരെ അവശേഷിക്കുന്ന വാഹനങ്ങള്‍ സ്റ്റാര്‍ട്ടാകണമെങ്കില്‍ ഏറെ പാടുപെടണമായിരുന്നു.

മാസങ്ങള്‍ക്കുമുമ്പ് മന്ത്രി രമേശ് ചെന്നിത്തല നാദാപുരത്ത് വന്നപ്പോള്‍ ഇ.കെ. വിജയന്‍ എംഎല്‍എയും വിവിധ പാര്‍ട്ടി നേതാക്കളും വാഹനം അനുവദിക്കണമെന്ന് മന്ത്രിയോടാവശ്യപ്പെട്ടിരുന്നു. നാദാപുരത്ത് പുതിയ വാഹനങ്ങള്‍ അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. അല്പം വൈകിയാണെങ്കിലും പുത്തന്‍ വാഹനങ്ങളെത്തിക്കഴിഞ്ഞു.

ഇന്നലെ അഞ്ച് ടവേര ജീപ്പുകളാണെത്തിയത്. ഡിവൈഎസ്പി, സി.എ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വാഹനമെത്തിയിരുന്നു. വാനടക്കം 2 വാഹനങ്ങള്‍ കണ്‍ട്രോള്‍ റൂമിനെത്തിയിട്ടുണ്ട്. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പെട്ടെന്ന് സംഭവ സ്ഥലത്തെത്താന്‍ പ്രയാസമുണ്ടാകില്ല. കൂടുതല്‍ വാഹനങ്ങളെത്തിയതിനാല്‍ മുടങ്ങിയ റൂട്ടുകളിലെ പട്രോളിംഗ് പുനഃസ്ഥാപിക്കാനാകും.

Related posts