അഞ്ചല്‍: നിരവധി മോഷണക്കേസുകളില്‍പെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാത്ര പടിഞ്ഞാറ്റിന്‍കര ലൈലാമന്‍സിലില്‍ മുഹസീന്‍(19), മാത്ര സ്വദേശിയായ 17കാരന്‍ എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.അഞ്ചല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമുള്ള മലക്കറി കടയ്ക്കുമുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇരുവരേയും പട്രോളിംഗ് നടത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ മോഷണത്തിനുള്ള ആയുധങ്ങളും കണ്ടെത്തി. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമമായിരുന്നു ഇരുവരുടേയും ലക്ഷ്യമെന്ന് പോലീസിന് മനസിലായി.18 വയസ് പ്രായമുണ്ടെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. സംശയം തോന്നിയ പോലീസ് ഇവര്‍ പഠിച്ചിരുന്ന കരവാളൂരിലേയും അടൂരിലേയും സ്കൂളുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് 17-കാരനെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കഴിഞ്ഞമാസം എട്ടിന് അഞ്ചല്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള മലക്കറിക്കടയുടെ മേശ കുത്തിപ്പൊളിച്ച് 40,000 രൂപ അപഹരിച്ച ഇവര്‍ ആയൂരിലെ വാഹനകച്ചവടക്കാരില്‍നിന്നും 15,000 രൂപയ്ക്ക് സെക്കന്റ് ഹാന്റ് ബൈക്കും വാങ്ങിയിരുന്നു. ഈ ബൈക്കില്‍ കറങ്ങിനടന്നാണ് പിന്നീട് മോഷണം നടത്തിയിരുന്നത്. മുക്കട ജംഗ്ഷനിലെ പൗള്‍ട്രിഫാമില്‍നിന്നും രണ്ട് സിസിടിവി കാമറയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും മോഷ്ടിച്ചതും ഇരുവരും ചേര്‍ന്നാണ്.
കഴിഞ്ഞദിവസം മാവിളയിലെ ബേക്കറിയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച് സിഗററ്റും ബേക്കറി സാധനങ്ങളും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചതും ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. മോഷണം നടന്നതിന് തൊട്ടടുത്തദിവസം ബേക്കറിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അറസ്റ്റിലായ 17-കാരന്റെ തിരിച്ചറിയല്‍ രേഖ ലഭിച്ചിരുന്നു. മോഷ്ടാക്കളെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. പുനലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിരവധി മോഷണക്കേസ് നിലവിലുള്ള ഇരുവരും മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.