തലശേരി: സ്ത്രീ സുരക്ഷ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഒറ്റമുറി വീടിനുള്ളില്‍ ഭയത്തോടെ കഴിയുന്ന കുടുംബത്തിന് സുരക്ഷയുടെ തണലൊരുക്കാന്‍ യുവാക്കള്‍ രംഗത്ത്. തലശേരി കിവീസ് കൂട്ടായ്മയാണ് മൂഴിക്കര ചന്ദ്രോത്ത് മീത്തലിലെ ബാലന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ കരുതലുമായി മുന്നോട്ടുവന്നത്. കൗമാരക്കാരിയായ മകള്‍ക്കും ഭാര്യയ്ക്കുമെല്ലാം ഒറ്റമുറി വീട്ടില്‍ സുരക്ഷയില്ലാതെ കഴിയുന്ന കുടുംബത്തെ ഓര്‍ഗാനിക് ഹോം പണിതു പുനരധിവസിപ്പിക്കാനാണ് കിവീസ് ലക്ഷ്യമിടുന്നത്.
താരതമ്യേന ചെലവു കുറഞ്ഞതും പ്രകൃതിസന്തുലിതവുമായ ഓര്‍ഗാനിക് വീടുകള്‍ ആരോഗ്യകരമായ ജീവിതത്തിനു സഹായകരമാകുന്ന തരത്തിലാണു നിര്‍മിക്കുന്നത്. മേല്‍ക്കൂരയിലേക്ക് ഇലപ്പടര്‍പ്പുകളും സസ്യലതാദികളും നട്ടുവളര്‍ത്തുന്ന തരത്തിലാണ് ഓര്‍ഗാനിക് വീടുകള്‍ നിര്‍മിക്കുകയെന്നു കിവീസ് നാച്വറല്‍ ഹോം ഭാരവാഹികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കിവീസ് പുറത്തിറക്കിയ വികസനരേഖയിലെ ആദ്യ പദ്ധതിയാണ് ഓര്‍ഗാനിക് ഹോം നിര്‍മാണത്തിലൂടെ പൂര്‍ത്തീകരിക്കുന്നതെന്ന് സനീം മുഹമ്മദ് ഹാഷിം പറഞ്ഞു.
മൂഴിക്കരയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ തലശേരി നഗരസഭയുടെ മുന്‍ സാരഥികളായ ആമിന മാളിയേക്കല്‍, പി.കെ. ആശ എന്നിവര്‍ വീടിന്റെ രൂപരേഖ കുടുംബത്തിനു കൈമാറി. നാഷിഫ് അലിമിയാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, മൂഴിക്കര വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ബല്‍റാം, ടി. സുജിത്ത് സി.പി. ഷുഹൈബ്, ഷംനാദ് ആല്യമ്പത്ത്, സി.എച്ച്. നൗരിഫ്, എന്‍.ടി. നവീന്‍, റുഫൈദ് അശ്വിന്‍, അമല്‍ അത്തോളി, റിമിന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.