നീണ്ടകര താലൂക്ക് ആശുപത്രിയില്‍ രോഗിയുമായെത്തിയ സംഘം വാളുകാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

KLM-KATHIചവറ :നീണ്ടകര താലൂക്ക് ആശുപത്രിയില്‍ രോഗിയുമായെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മദ്യപിച്ചെത്തിയ സംഘത്തിലൊരാളെ ചവറ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. രോഗിയുമായി ആശുപത്രിയിലെത്തിയ സംഘം  രോഗിയുടെ കാലിലെ മുറിവില്‍ മരുന്നുവെയ്പിച്ചശേഷം തങ്ങളിലൊരാള്‍ക്ക് പനിയാണെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടയില്‍ മദ്യലഹരിലായിരുന്ന സംഘം ഡോക്ടര്‍മാരെയും ജീവനക്കാരെയും അസഭ്യംപറഞ്ഞു.

ജീവനക്കാര്‍ എതിര്‍ത്തതിനെതുടര്‍ന്ന് പുറത്തുപോയി വാളുമായെത്തിയ സംഘത്തിലെ ഒരാള്‍ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജീവനക്കാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ചവറ പോലീസെത്തി ഒരാളെ കസ്റ്റഡിയിലെടുത്തു. രോഗിയുമായെത്തുന്നവര്‍ ജീവനക്കാരെയും ഡോക്ടറേയും കൈയേറ്റം ചെയ്യുന്നത് പതിവായിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാരും ഡോക്ടര്‍മാരും ഇന്ന് രാവിലെ മുതല്‍  പ്രതിഷേധസമരത്തിലാണ്. പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നതാണ് അവരുടെ മുഖ്യ ആവശ്യം.

Related posts