അമ്പലപ്പുഴ: നീര്‍ക്കുന്നത്ത് തീരം കടലെടുക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15, 16, 17 വാര്‍ഡുകളായ വളഞ്ഞവഴി, നീര്‍ക്കുന്നം ഭാഗങ്ങളിലാണ് ഇന്നലെ കടലാക്രമണം ശക്തമായത്. പുതുവല്‍ രേണുകാ ജോയിയുടെ വീട് ഇന്നലെ പൊളിച്ചുമാറ്റി. പുതുവല്‍ കുഞ്ഞുമോന്, ഹരിദാസ്, കാര്‍ത്ത്യായനി, വിമലാരാജന്, ദേവദത്തന്, ചെല്ലമ്മ, സുഭാഷ്, പ്രദീപ് വടക്കേവെളി, ഷെഫീക്ക് തുടങ്ങി 24ഓളം വീടുകള്‍ ഏതുസമയത്തും തകരുമെന്ന സ്ഥിതിയാണ്.
ഈ പ്രദേശത്ത് 240 മീറ്ററ്റോളം ഭാഗത്ത് കല്ഭിത്തിയില്ലാത്തതിനാല് ഇവിടെ കടല്‍വെള്ളം കരയിലേക്ക് ഇരച്ചു കയറുകയാണ്. കടല്‍ഭിത്തിയുള്ള ഭാഗങ്ങളില്‍ കടല്‍വെള്ളം കടല്‍ഭിത്തിക്കു മുകളിലൂടെയാണ് കരയ്ക്കെത്തുന്നത്. കടല്‍ക്ഷോഭം ശക്തമായി വീടുകള്‍ തകര്ച്ചാഭീഷണിയിട്ടും ദുരിതാശ്വാസ ക്യാമ്പുകളൊന്നും തുടങ്ങിയിട്ടില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്സത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വില്ലേജ് ഓഫീസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘവം സ്ഥലത്തെത്തിയിരുന്നു.