നൂതനസാങ്കേതികവിദ്യയുടെ കരുത്തില്‍ പെരിങ്ങര പള്ളിയുടെ കെട്ടിട നിര്‍മാണം

alp-nirmanamതിരുവല്ല: നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണത്തിന് ജില്ലയില്‍ തുടക്കമായി. പെരിങ്ങര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലാണ് ഓസ്‌ട്രേലിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജില്ലയിലെ ആദ്യ കെട്ടിടം നിര്‍മിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എഫ്എസിറ്റി, ആര്‍സിഎഫ് എന്നീ കമ്പനികളുടെ സംയുക്ത സംരഭമാണിത്.

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി ഓസ്‌ട്രേലിയയില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ഈ നിര്‍മാണ സങ്കേതിക വിദ്യ മദ്രാസ് ഐഐടിയാണ് നമ്മുടെ നാടിന് അനുയോജ്യമാകും വിധം വികസിപ്പിച്ചെടുത്തത്. സാധാരണയായി നിര്‍മിക്കുന്ന കെട്ടിടങ്ങളേക്കാള്‍ ഏതാണ്ട് 20 മുതല്‍ 35 ശതമാനം വരെ നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് ഈ നിര്‍മാണ രീതിയുടെ  പ്രധാന പ്രത്യേകത.

മഴയെയും ചൂടിനെയും ഒരുപോലെ പ്രതിരോധിക്കുമെന്നതും ഇതിന്റെ പ്രത്യേകതകളില്‍ പ്രധാനമാണ്. ജിപ്‌സവും  ഫൈബറും ചേര്‍ത്ത് നിര്‍മിക്കുന്ന മിശ്രിതം ഉപയോഗിച്ചാണ് റാപ്പിഡ് വാള്‍സ് സങ്കേതിക വിദ്യയില്‍ രണ്ട് വീതം ഓഫീസ് മുറികളും ബാത്ത്‌റൂമും ഒരു കിടക്കമുറിയും ഒരു സിറ്റൗട്ടോടും കൂടിയ 650 ചതുരശ്ര അടിയിലുളള പാഴ്‌സനേജിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.

കെട്ടിടത്തിന്റെ മേല്‍ക്കൂരയും റാപ്പിഡ് വാള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് 12 നിലകള്‍ വരെയുളള കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് നിര്‍മാണ ചുമതലയുളള എന്‍ഡ്യൂറോ ബില്‍ഡേഴ്‌സിന്റെ പ്രധാന നടത്തിപ്പുകാരായ ജോര്‍ജ് മാത്യു, മോബിന്‍ ചാക്കോ എന്നിവര്‍ പറഞ്ഞു.

Related posts