നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ മുന്‍ കൗണ്‍സിലര്‍ നെയ്യാറ്റിന്‍കര ആലുംമൂട് ഐശ്വര്യയില്‍ അഡ്വ. ആര്.എസ് രവിശങ്കര്‍ (36) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പരേതനായ രവീന്ദ്രന് നായരുടെയും ശ്രീകലയുടെയും മകനാണ്. സഹോദരി ലക്ഷ്മി. ഇന്ന് രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ രവിശങ്കറിനെ കണ്ടെത്തിയത്. അവിവാഹി തനാണ്.
നെയ്യാറ്റിന്‍കര നഗരസഭയില്‍ ഇക്കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ആലുംമൂട് വാര്‍ഡില്‍ നിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രവിശങ്കര്‍ സജീവരാഷ്ട്രീയ രംഗത്തെത്തിയത്. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ലീഡറായിരുന്നു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട് രവിശങ്കര്‍.