പന്നി ഫാമിലേക്കെന്ന വ്യാജേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നു

kkd-panniനാദാപുരം: വിലങ്ങാട് വാളൂക്കില്‍ പന്നി ഫാമിലേക്ക് എത്തിക്കുന്ന അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുളളവ വാളൂക്ക് പുഴയില്‍ തളളുന്നത് നാട്ടുകാര്‍ക്ക് ഗുരുതര ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. മയ്യഴി പുഴയുടെ ഉത്ഭവ കേന്ദ്രമായ കണ്ണവം വനാതിര്‍ത്തിയോട് ചേര്‍ന്ന വാളൂക്ക് പുഴയോരത്തെ പുളളിപ്പാറയ്ക്ക് സമീപമാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ തളളുന്നത്.വായാട്  പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ പന്നിഫാമിലേക്ക് നാദാപുരം, കല്ലാച്ചി , കക്കട്ട് ടൗണുകളിലെ ഹോട്ടലുകളില്‍ നിന്നും അറവ് കേന്ദ്രങ്ങളില്‍ നിന്നും ശേഖരിക്കുന്ന ലോഡ് കണക്കിന് മാലിന്യങ്ങളാണ്  വടകര ടൗണിലേക്കും പരിസര പ്രദേശങ്ങളിലേക്കും കുടിവെളളം എത്തിക്കുന്ന പ്രധാന ജല സ്രോതസുകളില്‍ ഒന്നായ വിലങ്ങാട് പുഴയില്‍ തളളുന്നത്.

ദിനം പ്രതി മൂന്ന് നാല്്   തവണയാണ് ലോറികളിലാക്കി  മാലിന്യങ്ങള്‍ എത്തിക്കുന്നത്. 350 മുതല്‍ 450 രൂപ വരെയാണ് ഹോട്ടലുകളില്‍ നിന്നും,അറവുകേന്ദ്രങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുമ്പോള്‍ ഇവര്‍ ഈടാക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി ഇത്തരത്തില്‍ ഇവിടെ മാലിന്യം  നിക്ഷേപിക്കാന്‍ തുടങ്ങിയിട്ട്. പന്നി ഫാമിന്റെ മറവില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് പണം കൊയ്യുന്ന സംഘമാണ് ഇതിന്റെ പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. നൂറിലധികം കുടുംബങ്ങളാണ് ഈ പരിസരത്തും മറ്റുമായി താമസിക്കുന്നത്. ദുര്‍ഗന്ധം കാരണം കടുത്ത ദുരിതത്തിലാണ് ഈ കുടുംബങ്ങള്‍

. ഫാം പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഈച്ച ശല്യവും രൂക്ഷമായിട്ടുണ്ട്. ഈ മേഖലയിലുളളവര്‍ പരമ്പരാഗതമായി കുടിവെളളത്തിനും മറ്റുമായി വിലങ്ങാട് പുഴയെയാണ് ആശ്രയിക്കുന്നത്. കനത്തമഴയില്‍ അറവ് മാലിന്യങ്ങളും മറ്റും ഒലിച്ചിറങ്ങുന്നതും പതിവായി. മലമുകളില്‍  ടാര്‍പോളിന്‍ ഉപയോഗിച്ച് വെളളം കെട്ടിനിര്‍ത്തി പൈപ്പ് വഴിയാണ് വീടുകളിലേക്ക് വെളളം എത്തിച്ചിരുന്നത്. കാക്കകളും ,പക്ഷികളും മാലിന്യങ്ങള്‍ ഈ ടാങ്കുകളില്‍ കൊണ്ടിടുന്നതും നാട്ടുകാര്‍ക്ക് ദുരിതമായിട്ടുണ്ട്.

നിരവധി തവണ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും മറ്റും പരാതികള്‍ നല്‍കിയിട്ടും ആരും ചെവിക്കൊളളുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ കാലവര്‍ഷത്തില്‍ വിലങ്ങാട് ജല വൈദ്യുത പദ്ധതിയുടെ വാളൂക്ക് തടയണയില്‍ ഇത്തരത്തില്‍ പുഴയില്‍ നിക്ഷേപിച്ച കോഴിമാലിന്യങ്ങള്‍ ഒലിച്ചിറങ്ങി ആഴ്ചകളോളം വൈദ്യുത ഉല്പാദനം തടസപ്പെട്ടിരുന്നു.

Related posts