പരവൂര്‍: പോലിസ് പരിശോധനയുടെ ഭാഗമായി വൈകിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ചു. പൊലിസിന്റെ ഇതു സംബന്ധിച്ച നിലപാട് തേടിയ ശേഷമായിരുന്നു മന്ത്രിസഭാ ഉപസമിതി ശുചീകരണം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. സമിതിയംഗങ്ങള്‍ ദുരന്ത സ്ഥലത്ത് നിന്ന് മടങ്ങുന്നതിന് മുമ്പ് തന്നെ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. എന്നാല്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ള ഇടങ്ങള്‍ ഒഴിച്ചാണ് ശുചീകരണം. ഇതേ കാരണത്താല്‍ ഇവിടങ്ങളിലെ കിണറുകള്‍ ശുചീകരിക്കുന്നതിന് തടസമുണ്ടായിരുന്നു.
വെടിക്കെട്ട് അപകടം സംബന്ധിച്ച അന്വേഷണവു മായി ബന്ധപ്പെട്ട കോടതി നിര്‍ദ്ദേശം മുന്‍ നിര്‍ത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതെന്ന് പോലിസ് മന്ത്രിസഭാ ഉപസമിതി മുമ്പാകെ ബോധ്യപ്പെടുത്തി. എങ്കിലും കോടതിയില്‍ നിന്ന് ഇക്കാര്യത്തില്‍ ഇളവിന് അപേക്ഷിച്ചിട്ടുണ്ടെന്നും അതു കിട്ടായിലുടന്‍ വിലക്ക് പിന്‍വലിക്കുമെന്നും പോലീസ് വ്യക്തമാക്കി. വിലക്ക് പെട്ടെന്ന് പിന്‍വലിക്കാനും കിണറുകളുടെ ശുചീകരണം തുടങ്ങാനുമാണ് സമിതി നിര്‍ദേശം. കിണറുകള്‍ വൃത്തിയാക്കിയശേഷം വെള്ളത്തിന്റെ സാമ്പിള്‍ വീണ്ടും പരിശോധനയക്ക് വിധേയമാക്കി കുടിക്കാന്‍ യോഗ്യമെന്ന് ഉറപ്പ് വരുത്താനും സമിതി നിര്‍ദേശിച്ചു.