പരവൂര്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ റിപ്പോര്‍ട്ട് നല്‍കും

KLM-DURANTHAപരവൂര്‍ പരവൂരില്‍  113പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള റിപോര്‍ട്ട് അടുത്ത ക്യാബിനറ്റിന് സമര്‍പ്പിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയ മന്ത്രിസഭാ ഉപസമിതി അറിയിച്ചു.  മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, വി. എസ്. ശിവകുമാര്‍ എന്നിവരാണ് ഉപസമിതിയംഗങ്ങള്‍. അപകടത്തിന് പിന്നാലെ രക്ഷാ പ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കിയത്. കുടിവെള്ളമടക്കം അടിയന്തര സഹായങ്ങളെല്ലാം ലഭ്യമാക്കാനായി. അടുത്ത ഘട്ടമായാണ് നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുന്നത്. ഇതു വഴി ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകും. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപോര്‍ട്ടാകും ഉപസമിതി കൈമാറുക.

സംഭവസ്ഥലത്ത് വിശദ പരിശോധന നടത്തിയ സമിതിയംഗങ്ങള്‍ പരിസരത്തെ വീടുകളും സന്ദര്‍ശിച്ചു. വീടുകള്‍ക്ക് പറ്റിയ കേടുപാടു നേരിട്ട് വിലയിരുത്തിയ ശേഷം നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.  തുടര്‍ന്ന് തദ്ദേശ ഭരണ സ്ഥാപന മേധാവികളില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും വിവര ശേഖരണം നടത്തി. പരവൂര്‍ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ജന പ്രതിനിധികളുമായും ആശയ വിനിമയം നടത്തി. പൊലിസടക്കം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തലും സമിതി പരിശോധിച്ചു. ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍ സമിതി മുമ്പാകെ അപകടം സംബന്ധിച്ച റിപോര്‍ട്ടും ദുരന്ത ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ഇവയെല്ലാം പരിഗണിച്ചുള്ള സമഗ്ര റിപോര്‍ട്ടാകും മന്ത്രിസഭാ ഉപസമിതി സമര്‍പ്പിക്കുക.

ഒദ്യോഗിക കണക്കനുസരിച്ച് 107 മരണം സ്ഥീരീകരിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇടക്കാലാശ്വാസം നല്‍കി കഴിഞ്ഞു. ശേഷിക്കുന്ന നഷ്ടപരിഹാര തുക നടപടികള്‍ ലഘൂകരിച്ച് ഉടന്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. 329 പേരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. 1142 പേര്‍ ഔട്ട് പേഷ്യന്റ് ചികിത്സ തേടി. ഇവര്‍ക്കെല്ലാം തുടര്‍ ചികിത്സ നല്‍കും. അപകട മേഖലയില്‍ പകര്‍ച്ച രോഗങ്ങള്‍ വരാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നാശനഷ്ടത്തിന്റെ കണക്കെടുപ്പ് അതിവേഗം പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രി ഷിബു ബേബിജോണ്‍ വ്യക്തമാക്കിയത്. പ്രാഥമിക വിവരമനുസരിച്ച് 242 വീടുകളുടെ കേടുപാട് സ്ഥിരീകരിച്ചെങ്കിലും കുടുതല്‍ വീടുകള്‍ക്ക് പ്രശ്‌നങ്ങളുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവ സംബന്ധിച്ച റിപോര്‍ട്ട് ലഭ്യമാകുന്നതോടെ നഷ്ടപരിഹാര നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. മാലിന്യം അതിവേഗം നീക്കം ചെയ്യണമെന്നാണ് ഉപസമിതിക്കൊപ്പം സ്ഥലത്തെത്തിയ എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. ആവശ്യപ്പെട്ടത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ആശുപത്രിയില്‍ പൊള്ളല്‍ ചികിത്സയ്ക്ക് ഐ. പി. സൗകര്യമുള്ള വാര്‍ഡ് സ്ഥാപിക്കണമെന്നും എം. പി. ആവശ്യപ്പെട്ടു.

ദുരന്ത നിവരാരണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ജി. എസ്. ജയലാല്‍ എം. എല്‍. എ. ആവശ്യപ്പെട്ടത്. മഴക്കാലത്തിന് മുമ്പ് കേടുപാടുള്ള വീടുകളുടെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും എം. എല്‍. എ . നല്‍കി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ ജഗദമ്മ, പരവൂര്‍ മുനിസിപ്പല്‍ അധ്യക്ഷന്‍ കെ. പി കുറുപ്പ് , മറ്റ് ജനപ്രതിനിധികള്‍, പൊലിസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിസഭാ ഉപസമിതിയുടെ സിറ്റിംഗില്‍ പങ്കെടുത്തു.

Related posts