രാജീവ്.ഡി. പരിമണം
കൊല്ലം: പരവൂര്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങും. നിലവില്‍ 20പേരാണ് പ്രതികളുടെ പട്ടികയിലുള്ളത്. അവരില്‍ ക്ഷേത്രഭാരവാഹികളായ ഏഴുപേര്‍ മാത്രമാണ് പോലീസില്‍ കീഴടങ്ങിയത്. പി.എസ് ജയലാല്‍, കൃഷ്ണന്‍കുട്ടിപിള്ള, ജെ.പ്രസാദ്,രവീന്ദ്രന്‍പിള്ള. സോമസുന്ദരന്‍പിള്ള, വി.സുരേന്ദ്രനാഥന്‍പിള്ള., മുരുകേശന്‍ എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
ഇവരെ ചോദ്യം ചെയ്തിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു പലരേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തുവരികയാണ്. അവരില്‍ പലരേയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ക്ഷേത്രഭാരവാഹികളില്‍തന്നെ പലരും പിടിയിലാകാനുണ്ട്. ഉദ്യോഗസ്ഥ തലത്തിലുള്ളവരെ പലരേയും താമസിയാതെ ചോദ്യം ചെയ്യും. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഒറ്റകമ്പമാണെന്ന് പോലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് മത്സര കമ്പം നടത്തിയതായിട്ടാണ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുള്ളത്.
ക്ഷേത്രം ഭരണസമിതി സെക്രട്ടറിയേയും പ്രസിഡന്റിനേയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ക്ക് കമ്പം നടത്തുന്നതിന് കളക്ടര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ക്ഷേത്രാചാരമുള്ള വെടിക്കെട്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതേസമയം വെടിക്കെട്ട് ദിവസം വൈകുന്നേരം നാലുവരെ കമ്പപുരയില്‍ ആചാരവെടിക്കെട്ടിനുള്ള സാധനങ്ങള്‍ മാത്രമെ സൂക്ഷിച്ചിരുന്നുള്ളുവെന്നാണ് പോലീസ് പറയുന്നത്.
പോലീസിന്റെ പരിശോധനയ്ക്കുശേഷമാണ് കൂടുതല്‍ വെടിക്കോപ്പുകള്‍ എത്തിച്ച് പ്രയോഗിച്ചതെന്നും പറയുന്നുണ്ട്. മാനദണ്ഡം പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയിട്ടുള്ളതെന്നും പൊട്ടാസ്യം ക്ലോറൈറ്റ് വന്‍തോതില്‍ ഉപയോഗിച്ചിട്ടുള്ളതായും എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതികളെ കസ്റ്റഡിയില്‍വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഉന്നതര്‍ ഇടപെട്ടിട്ടുള്ളതായ ആരോപണവും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും.
പടക്കനിര്‍മാണവുമായി ബന്ധപ്പെട്ട ചിലരെ ഇന്ന് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ 113പേരാണ് മരിച്ചത്. തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ക്ഷേത്രഭരണസമിതികളില്‍ ചിലര്‍ക്ക് വെടിക്കെട്ടുമായി ബന്ധമില്ലെന്നും അവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്.