പരിശോധനകളെ വെല്ലുവിളിച്ച് നഗരത്തില്‍ നിരോധിത പുകയില ഉത്പന്ന വിപണനം സജീവം

ALP-HANSആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങള്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ സുലഭം. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച പുകയില ഉത്പന്നങ്ങളായ ഹാന്‍ സ്, ശംഭു, പാന്‍പരാഗ്, ഗുഡ്ക തുടങ്ങിയവയാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍  സുലഭമായിരിക്കുന്നത്. അഞ്ചുരൂപ വിലയുള്ള ഹാന്‍സ് 20 മുതല്‍ 40 രൂപ വരെ ഈടാക്കിയാണ് പലയിടങ്ങളിലും വില്പന നടത്തുന്നത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി കേന്ദ്രീകരിക്കുന്ന പ്രദേശങ്ങളിലും ഉത്തരേന്ത്യന്‍ വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനമുണ്ട്. പരിചയക്കാര്‍ മുഖേനയാണ് പുകയില ഉത്പന്നങ്ങള്‍ കടക്കാര്‍ വിപണനം നടത്തുന്നത്. നേരത്തെ കടയില്‍ നിന്ന് പുകയില ഉത്പന്നം വാങ്ങിയിരുന്നുവെന്ന് പറഞ്ഞാല്‍ ഇവ ലഭിക്കുന്ന കേന്ദ്രങ്ങളുമുണ്ട്.

നിരോധിത പുകയില ഉത്പന്ന വിപണനവുമായി ബന്ധപ്പെട്ട് നിരവധിതവണ പോലീസിന്റെയും എക്‌സൈസിന്റെയും പിടിയിലായവരാണ്  വീണ്ടും ഇവയുടെ വില്പന നടത്തുന്നത്. കടയോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നത് എന്നതിനാല്‍ പലപ്പോ ഴും അധികൃതരുടെ പരിശോധനയില്‍ ഇവ പെടാറുമില്ല. അന്യസംസ്ഥാനത്തുനിന്നും ട്രെയിനിലും മറ്റുവാഹനങ്ങളിലുമാണ് ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നത്. പലപ്പോഴും ട്രെയിനില്‍ കടത്തുന്ന ഉത്പന്നങ്ങള്‍ ആര്‍പിഎഫ് പിടികൂടിയിട്ടുണ്ടെങ്കിലും കടത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല.

അഞ്ചുരൂപ നിരക്കില്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ 40 രൂപ വരെ ഈടാക്കി വില്പന നടത്തുമ്പോള്‍ ലഭിക്കുന്ന വലിയ ലാഭമാണ് കച്ചവടക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. പിടിയിലായാല്‍ പിഴയടച്ച് രക്ഷപ്പെടാമെന്നതും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനത്തിന് കച്ചവടക്കാരെ പ്രേരിപ്പിക്കുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനം സജീവമായിട്ടും ഇവരെ പിടികൂടാന്‍ ബന്ധപ്പെട്ട വകുപ്പുകളോ ഇത്തരം കടകളെ കണ്ടെത്തിനല്കാന്‍ രഹസ്യാന്വേഷണ വിഭാഗമോ വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.

Related posts