പള്ളിയിലേക്കു നടന്നുപോയ വയോധികയുടെ മാല ബൈക്കിലെത്തി യുവാവ് പൊട്ടിച്ചെടുത്തു

KTM-bikemalapariതൊടുപുഴ: രാവിലെ കുര്‍ബാനയ്ക്കായി പള്ളിലേക്കു പോയ വൃദ്ധയുടെ മാല കവര്‍ന്നു. വണ്ടമറ്റം വാണിയക്കിഴക്കേല്‍ മേരി വര്‍ഗീസ് (72) ന്റെ അഞ്ചു പവന്റെ മാലയാണ് കള്ളന്‍ പൊട്ടിച്ചു കടന്നു കളഞ്ഞത്.  ഇന്നു രാവിലെ 6.15 ഓടെയായിരുന്നു സംഭവം. രാവിലത്തെ കുര്‍ബാനയ്ക്കായി വണ്ടമറ്റം പള്ളിലേക്കു നടന്നു പോവുകയായിരുന്ന വൃദ്ധയുടെ മാലയാണ് സ്കൂട്ടറിലെത്തിയ ഹെല്‍മറ്റ് ധാരിയായ ആള്‍ കവര്‍ന്നത്.

സ്കൂട്ടര്‍ പള്ളിക്കു സമീപത്തായി നിര്‍ത്തിയ ശേഷം ഹെല്‍മറ്റ് ധരിച്ച് എത്തിയ ആള്‍ പള്ളിലേക്കു നടന്നു കയറുകയായിരുന്ന മേരിയുടെ മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം മേരിയുടെ കൈയില്‍ കിട്ടുകയും ചെയ്തു. ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും മോഷ്ടാവ് സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ടു.

വെളുത്ത നിറത്തിലുള്ള ആക്ടീവ സ്കൂട്ടറില്‍ എത്തിയ കള്ളന്‍ പാന്റ്‌സും ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തമല്ലാത്ത ചിത്രങ്ങളാണ് ലഭിച്ചത്. വൃദ്ധയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാളിയാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts