പാരിപ്പള്ളി ,ചാത്തന്നൂര്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന:യുവാവ് അറസ്റ്റില്‍

KLM-ARRESTപാരിപ്പള്ളി: പാരിപ്പള്ളിയിലും ചാത്തന്നൂര്‍ ഇത്തിക്കര കേന്ദ്രീകരിച്ചു വന്‍ തോതില്‍ കഞ്ചാവു വില്പന നടത്തി വന്ന ഒരാളെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.  ആദിച്ചനല്ലൂര്‍ സെറ്റില്‍മെന്റ് കോളനിയില്‍ മുണ്ടപ്പുഴ തെക്കത്തില്‍ സുരേഷ് ഭവനില്‍ ബോസ് (40) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്പനക്കായി സൂക്ഷിച്ച 52 ഓളം കഞ്ചാവു പൊതികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ചാത്തന്നൂര്‍ പാരിപ്പള്ളി ഇത്തിക്കര എന്നിവിടങ്ങള്‍ കേന്ദ്രമാക്കി സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വ്യാപകമായ മയക്കു മരുന്ന് വില്പ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്. ഇയാള്‍ വന്‍ മയക്കു മരുന്ന് ശൃംഘലയുടെ ചെറിയ കണ്ണിയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.

മദ്യത്തിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണെന്നും പ്രധാനമായും കഞ്ചാവ് എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍  നടക്കുമെന്നും പോലീസ് അറിയിച്ചു. ചാത്തന്നൂര്‍ എസിപി എം.എസ് സന്തോഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍, പരവൂര്‍ എസ്‌ഐ ചന്ദ്രകുമാര്‍, പാരിപ്പള്ളി എസ്‌ഐ എസ്. ജയകൃഷ്ണന്‍, എഎസ്‌ഐ രമണന്‍, ഷാഡോ പോലീസുകാരായ ജയിന്‍, വിനു, മനു, സീനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Related posts