ബാംഗ്ലൂര്‍ ഡേയ്‌സ്, സാള്‍ട്ട് മാംഗോ ട്രീ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പാരീസ് ലക്ഷ്മി വീണ്ടുമൊരു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ജി.എന്‍.കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് പാരീസ് ലക്ഷ്മി വീണ്ടുമെത്തുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണു ചിത്രത്തില്‍ പാരീസ് ലക്ഷ്മിയുടേത്. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകള്‍ ഇടകലര്‍ന്നൊരു സംഭാഷണമാണ് ചിത്രത്തില്‍ തനിക്കെന്ന് പാരീസ് ലക്ഷ്മി പറയുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നു നടി പറഞ്ഞു.
പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ്. ഷൈന്‍ ടോം ചാക്കോ, അനന്യ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹനീഫ് മുഹമ്മദാണ് നിര്‍മാതാവ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പൂനെ, മുംബൈ, നാസിക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.