പുറ്റിംഗല്‍ദുരന്തം : വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന്

vediketuuഎസ്.ആര്‍.സുധീര്‍കുമാര്‍
പരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു.അതേസമയം ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലും അവസാന നിമിഷം ആശയക്കുഴപ്പം പ്രകടമായി. കേസുമായി ബന്ധപ്പെട്ട് പോലീസിനെയും ജില്ലാ ഭരണകൂടത്തിനെയും പ്രതിചേര്‍ക്കണോ എന്ന കാര്യത്തിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ അഭിപ്രായഭിന്നത രൂക്ഷമായിട്ടുള്ളത്.ദുരന്തം നടന്ന് 100 ദിവസം പിന്നിട്ടിട്ടും മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെയും ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തയാറെടുപ്പ് ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി പരവൂരില്‍ നഗരത്തില്‍ അവര്‍ വ്യാപകമായ പോസ്റ്റര്‍ പ്രചാരണം നടത്തി.

ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസും സമരത്തിന്റെ പാതയിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് അവര്‍ പരവൂരിലെ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുകയുണ്ടായി.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കൊടുക്കുന്നില്‍ സുരേഷാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്നും അത് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.ഇതിനിടെ മറ്റ് ചില ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയും സമരവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം അവര്‍ പരവൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് മൈതാനിയില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്.

പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മൂലസ്ഥാനത്തിന്റെ ചുറ്റുമതില്‍ തകര്‍ത്തവരെ അറസ്റ്റ് ചെയ്യുക, വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്കുള്ള സൗജന്യ ചികിത്സ പുനരാരംഭിക്കുക, ക്ഷേത്രത്തിലെ കൗണ്ടര്‍ തകര്‍ത്ത സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യുക, വെടിക്കെട്ട് ദുരന്തത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരിക എന്നിവയാണ് ഹിന്ദു ഐക്യവേദിയുടെ പ്രധാന ആവശ്യങ്ങള്‍.ക്ഷേത്രത്തിലെ മൂലസ്ഥാനത്തിന്റെ ചുറ്റുമതില്‍ തകര്‍ത്ത സംഭവത്തില്‍ പരവൂര്‍ പോലീസ് കേസെടുത്തെങ്കിലും കാര്യമായ ഒരു അന്വേഷണവും അവര്‍ നടത്തുകയുണ്ടായില്ല.പോലീസ് നായയും വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ പരിശോധനകള്‍ നടത്തിയെങ്കിലും തുടര്‍ അന്വേഷണത്തിന് ലോക്കല്‍ പോലീസ് ഒരു ശുഷ്കാന്തിയും കാണിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.

പോലീസിന്റെ കാവല്‍ 24 മണിക്കൂറും ഉണ്ടായിരുന്ന സമയത്താണ് മൂലസ്ഥാനത്തിന്റെ ചുറ്റുമതില്‍ തകര്‍ക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും ചോദ്യംചെയ്തതുമില്ല. അത്രയ്ക്ക് അനാസ്ഥയാണ് പരവൂര്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതേസമയം വെടിക്കെട്ട് ദുരന്തം അന്വേഷിച്ച കേന്ദ്രകമ്മീഷന്‍ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇത് കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഞെട്ടിച്ചു എന്നുമാത്രമല്ല കുറ്റപത്ര സമര്‍പ്പണത്തിന്റെ ഘട്ടത്തില്‍ എത്തിനില്‍ക്കെ അവരെ ആശയക്കുഴപ്പത്തിലും ആക്കിയിരിക്കയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും കൂടി പ്രതിചേര്‍ക്കണമെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടടെ ശക്തമായ നിലപാട്.

ഈ രീതിയില്‍ അന്വേഷണ സംഘം നീങ്ങിയപ്പോള്‍ തന്നെ ശക്തമായ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായി.ഇതോടെ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും പ്രതിചേര്‍ക്കേണ്ടെന്ന് ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീരുമാനം എടുക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ മാറ്റം വരുത്തുന്ന കാര്യംപോലും അവസാനനിമിഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നതായാണ് സൂചനകള്‍.കേസില്‍ ഇതുവരെ 42 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കുറ്റപത്രത്തില്‍ 60 പ്രതികള്‍ ഉണ്ടാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ ആരുടെയൊക്കെ പേരില്‍ കൊലക്കുറ്റം ചുമത്തണമെന്ന കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.

ഇക്കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 15 പേര്‍ക്കെതിരേയും വെടിക്കെട്ടിന് കരാര്‍ എടുത്തവരെയും ലൈസന്‍സികളെയും കൊലക്കുറ്റത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത കൈവരുന്നതിന് ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും. കേസില്‍ കുറ്റപത്രം ഈ മാസം 30ന് നല്‍കുമെന്നാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

Related posts