
തൃശൂര്‍: പൂച്ചെണ്ടുകള്ക്കുപകരം അതിഥിക്കു പുസ്തകങ്ങള്‍ നല്കി ചരിത്രത്തില്‍ ഇടംപിടിച്ച് കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്(കെപിഎസ്ടിഎ) സംസ്ഥാന സമ്മേളന വേദി.
പൊതുചടങ്ങുകളില്‍ പൂച്ചെണ്ടിനുപകരം പുസ്തകം മതിയെന്ന ടി.എന്‍. പ്രതാപന് എംപിയുടെ ആശയത്തിന് അധ്യാപകര്‍ പിന്തുണ നല്കിയപ്പോള് അതു തൃശൂരിൽ മറ്റൊരു ഗിന്നസ് റിക്കാര്ഡിലേക്കുകൂടി വഴിതുറന്നു. ഏറ്റവുമധികം പുസ്തകങ്ങള്‍ ഒരു വേദിയില്‍ കൈമാറുകയെന്ന ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡാണ് പിറന്നത്.
പതിനായിരം പുസ്തകങ്ങളാണ് അധ്യാപകര്‍ എംപിക്കു സമ്മാനിച്ചത്. കാസര്‍ഗോഡ് ചെറുവത്തൂര്‍ ജിഎല്‍പി സ്കൂള്‍ അധ്യാപിക ജി.കെ. ഗിരിജ ആദ്യ പുസ്തകം എംപിക്കു കൈമാറി. മഹാത്മാഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങളായിരുന്നു ആദ്യ പുസ്തകം.
ശാസ്ത്രവും കുട്ടിക്കഥകളും കവിതകളും ചരിത്രപുസ്തകങ്ങളുമെല്ലാം അതിഥിക്കു സമ്മാനമായി എത്തി. യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറം പ്രതിനിധികളായ സുനില്‍ ജോസഫ്, സത്താര്‍ ആദൂര്‍, ലിജോ ജോര്‍ജ് എന്നിവര്‍ റിക്കാര്‍ഡ് വിലയിരുത്താനെത്തിയിരുന്നു.
സമ്മാനമായി കിട്ടിയ പുസ്തകങ്ങള്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂള്‍- കോളജ് വായനശാലകള്‍, സ്നേഹതീരത്തെ വായനശാല, തൃശൂര്‍ ലോക്സഭാമണ്ഡലത്തിന്റെ പരിധിയിലെ ഏഴു നിയമസഭാമണ്ഡലങ്ങളില്‍ ഏറ്റവുമധികം വായനക്കാരെത്തുന്ന വായനശാല എന്നിവയ്ക്കു കൈമാറാനാണ് എംപിയുടെ തീരുമാനം.
മുന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന് യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറം പ്രതിനിധികളില്‍നിന്ന് റിക്കാർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.