പഴയങ്ങാടി: പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ കച്ചവടമാക്കാന്‍ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ സംരക്ഷണമെന്നത് ജനതയോടുള്ള കടമയാണെന്നും അതിന് അധ്യാപകസമൂഹവും പൊതുസമൂഹവും കൈകോര്‍ക്കണമെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ ജനാധിപത്യത്തില്‍ നിന്നുള്ള വ്യതിചലനമാണ് സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു കാരണം. കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സംരക്ഷണയജ്ഞം സംഘടിപ്പിക്കുമെന്നും അതിനായി അഞ്ചുവര്‍ഷം കൊണ്ട് പതിനായിരം കോടി രൂപയുടെ പരിപാടി തയാറാക്കി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടി.വി. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, വി.വി. പ്രീത, എസ്.കെ. ആബിദ, ഇ.പി. ബാലന്, വിമല, ആര്. അജിത, സി.എം. ബാലകൃഷ്ണന്, കെ.പി. കമലാക്ഷി, എസ്.വി. അബ്ദുള്‍ റഷീദ്, എം.പി. ഉണ്ണികൃഷ്ണന്, ബാലചന്ദ്രന് മഠത്തില്‍, പി.പി. റീത്ത തുടങ്ങിയവര്‍ പ്രസംഗിച്ചു.