പോലീസേ നിങ്ങളും ട്രൗസറിട്ടിട്ടില്ലേ? ട്രൗസര്‍ നിരോധനം വൈറലാകുന്നു! നാട്ടുകാരുടെ ട്രൗസറില്‍ തൊട്ട എസ്‌ഐയുടെ കൈ പൊള്ളി; പിഴ ഈടാക്കാന്‍ മാത്രമുള്ള തെറ്റോ ഇത്…

policeകോഴിക്കോട്: കാക്കൂര്‍ പോലീസിന്റെ ട്രൗസര്‍നിരോധനം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി. ഫേസ് ബുക്കിലും പോസ്റ്റുകളും കമന്റുകളും ട്രോളുകളും നിരവധി വന്നുകഴിഞ്ഞു. ഫേസ് ബുക്കിലെ പോസ്റ്റുകളിലൊന്ന്്: ട്രൗസറിട്ട് റോട്ടിലിറങ്ങിയവരെ പോലീസ് പിടിച്ചെന്ന്… ഇത് ഏത് യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സൗകര്യപൂര്‍വ്വം യാത്ര ചെയ്യാനുള്ള സ്വാതന്ത്രം ആരാണ് നിഷേധിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എന്ത് ശല്യമാണ് ട്രൗസറിട്ടവര്‍ ചെയ്യുന്നത് ? പിഴ ഈടാക്കാന്‍ മാത്രമുള്ള തെറ്റോ ഇത്…

പണ്ട് പോലീസുകാരുടെ വേഷം ട്രൗസര്‍ ആയിരുന്നു… അവര്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയിരുന്നോ ?
ഇവിടെ സ്ത്രീകള്‍ പ്രകോപനപരമായ വസ്ത്രം ധരിച്ച് നടക്കുന്നതിനെ ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും ആളില്ല …

ട്രൗസര്‍ ധാരികള്‍ അപമര്യാദയായി ആരോടെങ്കിലും പെരുമാറിയിട്ടുണ്ടെങ്കില്‍ പോലീസിന്റെ നടപടിയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതല്ലെങ്കില്‍ എന്റെ നാടിനേയും നെറികെട്ട നിയമ പാലകരേയും ഓര്‍ത്ത് ലജ്ജിക്കുന്നു.
ആദ്യം ലെഗ്ഗിന്‍സ് ധരിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്ത് പിഴ ഈടാക്കണമെന്നാണ് സോഷ്യല്‍മീഡിയിയിലെ ആവശ്യം.

ഈ നേര്‍ത്ത വസ്ത്രധാരികള്‍ കാണിക്കുന്ന കോപ്രായം നിയമവിധേയം ആണോ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. സ്‌റ്റേഷനു മുന്നില്‍, കൂട്ടത്തോടെ ട്രൗസറിട്ട് പ്രതികരിക്കാനാണ് മറ്റു ചിലരുടെ ആഹ്വാനം. ട്രൗസര്‍ ഇട്ട ആണ്‍ ഉണ്ടാക്കുന്ന പ്രകോപനമേ ട്രൗസര്‍ ഇട്ട പെണ്ണും ഉണ്ടാക്കുന്നുള്ളൂ. ഇതൊക്കെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്ന് മറ്റു ചിലര്‍. ട്രൗസര്‍ സ്വാതന്ത്ര്യത്തിനു ഡിങ്കനെ വിളിക്കണമോ എന്നാണ് ചിലര്‍ ചോദിച്ചിരിക്കുന്നത്.

നാട്ടുകാരുടെ ട്രൗസറില്‍ തൊട്ട എസ്‌ഐയുടെ കൈ പൊള്ളി

കോഴിക്കോട്: നാട്ടുകാരുടെ ട്രൗസറില്‍ തൊട്ടുകളിച്ച എസ്‌ഐയുടെ കൈ പൊള്ളുന്നു. ട്രൗസര്‍ ധരിച്ച് പുറത്തിറങ്ങിയ മൂന്നുപേരെ പോലീസ് പിടികൂടി പിഴയടപ്പിച്ച സംഭവം വാര്‍ത്ത ആയതിനെതുടര്‍ന്ന് സ്‌പെഷല്‍ബ്രാഞ്ച് വിഭാഗം അന്വേഷണം ആരംഭിച്ചു. ഉത്തരമേഖലാ ഐജി ദിനേന്ദ്ര കശ്യപ്, കോഴിക്കോട് റൂറല്‍ എസ്പി എന്‍. വിജയകുമാര്‍ എന്നിവര്‍ സംഭവത്തെക്കുറിച്ച് വിശദീകരണം തേടി. കോഴിക്കോട് കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ട്രൗസറിന് ‘ നിരോധനാജ്ഞ’ ഏര്‍പ്പെടുത്തിയ പോലീസ് നടപടിയാണ് വിവാദത്തിലായത്. സംഭവത്തില്‍ ആരും പരാതിപ്പെട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ട്രൗസര്‍ ധരിച്ചതിന്റെ പേരില്‍ ആരില്‍നിന്നും പിഴ ഈടാക്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ (ഐപിസി) വകുപ്പില്ലെന്നും, പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരമേഖല ഐജി പറഞ്ഞു. ഏതെങ്കിലും നിയമം മൂലം ഇന്ത്യയില്‍ ട്രൗസര്‍ നിരോധിക്കാത്തതിനാല്‍ അവ ധരിക്കുന്നവരെ പിടികൂടാനോ, പിഴ ഈടാക്കാനോ പോലീസിന് അധികാരമില്ലെന്ന് റുറല്‍ എസ്പി വ്യക്തമാക്കി. പിഴയടച്ചവരോ ബന്ധുക്കളോ പരാതി നല്‍കാന്‍ മുന്നോട്ടുവരണം. പരാതി ലഭിച്ചാല്‍ എസ്‌ഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രൗസര്‍ ധരിച്ച ‘കുറ്റത്തിന്’ കഴിഞ്ഞ ദിവസം ചേളന്നൂര്‍ അമ്പലത്തുകുളങ്ങരയില്‍ നിന്ന് കാക്കുര്‍ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. പൊതുജനത്തിന് ശല്യമുണ്ടാക്കി എന്ന വകുപ്പുപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയും 200 രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയുമുണ്ടായി. സംഭവമറിഞ്ഞ്  സ്റ്റേഷനിലെത്തിയ രാഷ്ട്രീയ നേതാക്കളോട്, ട്രൗസറിട്ട് റോഡിലിറങ്ങാന്‍ ആരേയും അനുവദിക്കില്ലെന്നായിരുന്നു പോലീസിന്റെ മറുപടി.

Related posts