കരുനാഗപ്പള്ളി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ഗതാഗത തടസ്സത്തിനിടയാക്കുന്നു.സ്റ്റേഷനു സമീപം ദേശീയപാതയോരത്താണ് വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇടുങ്ങിയ റോഡില്‍ കാല്‍നട യാത്ര പോലും ദുസ്സഹമാക്കി കൊണ്ടാണ് പോലീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്.പലപ്പോഴും തിരക്കേറിയ നഗരത്തിലെ ഈ ഭാഗത്തെ ഗതാഗത തടസത്തിനും വാഹനങ്ങളുടെ പാര്‍ക്കിംഗ് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലീസ് കസ്ററഡിയിലെടുത്ത നിരവധി ടിപ്പര്‍ ലോറികളാണ് ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
വാഹന പാര്‍ക്കിംഗ് കാരണം ഫുട്പാത്തും ദേശീയപാതയോരവും ഒഴിവാക്കി റോഡിന് നടുവിലൂടെ കാല്‍നടയാത്രക്കാര്‍ പോകേണ്ട അവസ്ഥയിലാണിപ്പോള്‍. ഇത് അപകട ഭീഷണി ഉയര്‍ത്തുന്നു.പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പോലീസ് സ്റ്റേഷനില്‍ സൗകര്യം ഇല്ലാത്തതും പോലീസിനെ കുഴയ്ക്കുന്നു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയലെടുത്ത കണെ്ടയ്നര്‍ ലോറിയും മറ്റും പോലീസ് സ്റ്റേഷനു എതിര്‍വശമുള്ള ബസ്ബേയിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇത് വ്യാപരസ്ഥാപനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
ബസുകള്‍ക്ക് യാത്രക്കാരെ ഇറക്കുന്നതിന് ഇപ്പോള്‍ ദേശീയപാതയിലേക്ക് കയറ്റി ബസുകള്‍ നിര്‍ത്തുന്നത് കാരണം മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതിനും തടസമാകുന്നു. ഗതാഗത തടസ്സത്തിനിടയാക്കുന്ന വാഹനങ്ങള്‍ ഉടന്‍ മാറ്റാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.