കണ്ണൂര്‍: കേരളത്തെ സോമാലിയയോടു ഉപമിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം അപലപനീയമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്. കണ്ണൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബസംഗമം കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യം മനസിലാക്കാതെയാണ് പ്രധാനമന്ത്രി തെറ്റായ പരാമര്‍ശം നടത്തിയത്.
ലോകംമുഴുവന്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രി കേരളത്തില്‍ വന്ന് യാഥാര്‍ഥ്യം മനസിലാക്കാന്‍ തയാറാകണം. രാജ്യത്തിനു മാതൃകയാകുന്നവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും വികസനങ്ങളും കൈവരിച്ച സംസ്ഥാനമാണ് കേരളമെന്നത് പ്രധാനമന്ത്രി ഇനിയെങ്കിലും മനസിലാക്കണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കണ്ട് ഇല്ലായ്മചെയ്യുന്ന നിലപാടുകള്‍ സിപിഎമ്മും ബിജെപിയും അവസാനിപ്പിക്കണം. രാഷ്ട്രീയത്തില്‍ എതിരാളികളെയുള്ളു, ശത്രുക്കളില്ല. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കണ്ട് അക്രമം അഴിച്ചുവിടുന്ന സിപിഎം-ബിജെപി നിലപാട് ലജ്ജാവഹമാണ്. അക്രമരാഷ്ട്രീയം ഇതുവരെ നേടിയ പുരോഗതികളെയെല്ലാം ഇല്ലാതാക്കുകയും വികസനം മുരടിപ്പിക്കുകയും ചെയ്യും
. ടൂറിസം മേഖലയില്‍ അനന്തസാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. അക്രമം തുടര്‍ന്നാല്‍ ടൂറിസം സാധ്യതകള്‍ ഇല്ലാതാകും. സ്ത്രീസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, ഐടി തുടങ്ങിയവ ഉള്‍പ്പെടെ എല്ലാകാര്യങ്ങളിലും രാജ്യത്തിന്റെ ഹബ്ബാണ് കേരളമെന്നും ഇത്തരമൊരു സാധ്യതയൊരുക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഇന്നു രാവിലെ കൊച്ചിയില്‍നിന്നു ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ ഇറങ്ങിയ ശേഷം കാര്‍മാര്‍ഗമാണ് ഗുലാം നബി ആസാദ് ടൗണ്‍ സ്ക്വയറിലെ വേദിയിലെത്തിയത്. നേരത്തെ നിശ്ചയിച്ചതിലും ഒന്നേകാല്‍ മണിക്കൂര്‍ വൈകി 10.50ഓടെയാണ് കണ്ണൂരിലെത്തിയത്. 45 മിനുട്ടോളം പ്രസംഗിച്ച ശേഷം ഹെലികോപ്റ്ററില്‍ പേരാവൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കരിക്കോട്ടക്കരിയിലേക്കു പോയി. ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിക്കു പുറമെ അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥി കെ.എം. ഷാജിയും ചടങ്ങില്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ.പി. നൂറുദ്ദീന്‍, പ്രഫ. എ.ഡി. മുസ്തഫ, സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്‍, വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, എം.പി. മുഹമ്മദലി, മാര്‍ട്ടിന്‍ ജോര്‍ജ്, എം. നാരായണന്‍കുട്ടി, റിജില്‍ മാക്കുറ്റി, ടി.ഒ. മോഹനന്‍, പി. രാമകൃഷ്ണന്‍, എം.വി. മുരളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.