അഞ്ചല്‍: സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്കൂള്‍ വിപണികളിലെ കച്ചവടം പൊടിപൊടിക്കുന്നു. രാവിലെ മുതല്‍തന്നെ ആരംഭിക്കുന്ന കച്ചവടം മിക്കപ്പോഴും രാത്രി ഒന്‍പതുവരെ തുടരും. കുടകളും ബാഗുകളും മഴക്കോട്ടുകളും ഉള്‍പ്പെടെ വിവിധവര്‍ണങ്ങളില്‍ കൗതുകക്കാഴ്ചകളൊരുക്കിാണ് സ്കൂള്‍ വിപണികള്‍ സജീവമായിരിക്കുന്നത്.വിവിധ പത്ര-ദൃശ്യ മാധ്യങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലെ ബാഗുകളോടും കുടകളോടുമാണ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ താല്‍പര്യം. വിപണിയിലെത്തിയിട്ടുള്ള സാധനങ്ങളുടെ ഉയര്‍ന്ന വില സാധാരണക്കാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ്.
സാധനങ്ങള്‍ വാങ്ങുന്നതിന് കൊച്ചുകുട്ടികള്‍ കാട്ടുന്ന പിടിവാശിയും മിക്ക രക്ഷകര്‍ത്താക്കളുടേയും പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. സൂപ്പര്‍ ഹീറോ മുതല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍വരെ കച്ചവടതന്ത്രമാക്കിയാണ് ഇത്തവണ സ്കൂള്‍ വിപണിയെ വില്പനക്കാര്‍ വരുതിയിലാക്കിയിരിക്കുന്നത്.വലിയ കുട്ടികളുടെ ബാഗുകള്‍ക്ക് അഞ്ഞൂറിന് മുകളിലാണ് ഇത്തവണത്തെ വില. കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ചാണ് കൊച്ചുകുട്ടികള്‍ക്കുള്ള ബാഗുകള്‍ വിപണിയിലെത്തിയിട്ടുള്ളത്. വിവിധ സ്‌പോര്‍ട്‌സ് ക്ലബുകളുടെ ലോഗൊ ആലേഖനം ചെയ്ത ബാഗുകളും വിപണിയെ കഴിഞ്ഞവര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമാക്കുന്നു. കുട്ടികള്‍ക്കുള്ള ടിഫിന്‍ ബോക്‌സ്, കിറ്റ് എന്നിവയും പരമാവധി ആകര്‍ഷമാക്കിയാണ് നിര്‍മാതാക്കള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
200 പേജുള്ള വലിയ കോളേജ് നോട്ടുബുക്കുകളുടെ ഏറ്റവും കുറഞ്ഞവില ഇത്തവണ 30 രൂപയാണ്. ചെറിയ ബുക്കുകള്‍ക്കാവട്ടെ 22 മുതല്‍25 രൂപവരെ നല്‍കണം. ഇന്‍സ്ട്രമെന്റ് ബോക്‌സിന് 70 രൂപ മുതലാണ് വില. കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള ത്രിവേണി സ്റ്റോറുകളില്‍ വിലക്കുറവുണ്ടെങ്കിലും കുട്ടികളുടെ താല്‍പര്യാര്‍ഥം മിക്ക രക്ഷകര്‍ത്താക്കളും സ്വകാര്യ വിപണിയെയാണ് ആശ്രയിക്കുന്നത്.
കുറഞ്ഞ വിലയുള്ള ചൈനീസ് ഉല്പന്നങ്ങളുമായി അന്യസംസ്ഥാന കച്ചവടക്കാരും വിപണിയില്‍ സജീവമായിട്ടുണ്ട്. കച്ചവടം പൊടിപൊടിക്കുന്നതിനാല്‍ വഴിയോരങ്ങളിലേക്കുവരെ കച്ചവടം എത്തിക്കഴിഞ്ഞു.
സ്‌പൈഡര്‍മാന്‍, ഡോറ, ബെന്‍ 10, ആംഗ്രി ബേര്‍ഡ്, ബാര്‍ബി തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ വാട്ടര്‍ബോട്ടിലുകളും റബറുമൊക്കെ കൊച്ചുകുട്ടികളെ ആകര്‍ഷിക്കുന്നതിനായി വിപണിയിലുണ്ട്.
ലൈറ്റ് ഘടിപ്പിച്ച പെന്‍സില്‍ ബോക്‌സും മള്‍ട്ടി പര്‍പ്പസ് പെന്‍സില്‍ ബോക്‌സുകളുമാണ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടം. പൗച്ചുകളോടാണ് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം. അതിനാല്‍ കൂടുതല്‍ വ്യത്യസ്തതയോടെ ഇത്തവണ 200രൂപവരെ വിലയുള്ള പൗച്ചുകളാണ് വിപണിയിലെത്തിയിട്ടുള്ളത്. സ്കൂള്‍ പ്രവേശനോത്സവം പടിവാതിലിലെത്തിയതോടെ മറ്റ് ചെറിയ കടവിപണികളിലും തിരക്കേറിയിട്ടുണ്ട്.
പ്രമുഖ കുടക്കമ്പനികളെല്ലാം ഇക്കുറി 5 ശതമാനം വരെ വില കൂടിയിട്ടുണ്ട്. വര്‍ണ്ണങ്ങള്‍ നിറഞ്ഞ കുടകള്‍ക്ക് മൂന്നൂറിന് മുകളിലാണ് വില. വെള്ളം ചീറ്റുന്നതും വിസിലുള്ളതുമായി വൈവിധ്യമാര്‍ന്ന കുടകളും വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്.സൂപ്പര്‍ ഹീറോസിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കളര്‍ഫുള്‍ കുടകളില്‍ പലതിലും വാച്ച് അടക്കമുള്ള സമ്മാനങ്ങളുമുണ്ട്. വലിപ്പമേറിയ അഞ്ചുമടക്ക് ഫൈവ് ഫോള്‍ഡ് കുടകളാണ് ഇക്കുറി ഇറങ്ങിയവയില്‍ പുതിയ ഇനം. 490 രൂപ മുതല്‍ മുകളിലേക്കാണ് ഇതിന്റെ വില. പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇറക്കിയ പ്രിന്‍സ് കുടകളും വിപണിയില്‍ താരമാണ്. ഏറ്റവും ചെലവ് ത്രീഫോള്‍ഡ് കുടകള്‍ക്കാണ്.