ഇന്ത്യയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയാണ് പി.വി. സിന്ധു റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നേഹ്‌വാള്‍ അടക്കമുള്ള വന്‍താരങ്ങള്‍ തോറ്റുമടങ്ങിയിടത്താണ് ഇരുപത്തിയൊന്നുകാരിയായ സിന്ധുവിന്റെ മാസ്മരിക പ്രകടനം. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ തനിക്കു കഴിഞ്ഞില്ലെന്ന് സൈനയ്ക്ക് അറിയാം. അതേസമയം തന്നെ സിന്ധുവിന്റെ ഫൈനല്‍ പ്രവേശനത്തില്‍ വളരെയേറെ സന്തോഷിക്കുകയും ചെയ്യുന്നു താരം. ഇതിനു തെളിവാണ് തന്നെ വിമര്‍ശിച്ച ആരാധകന് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ സൈന നല്കിയ മറുപടി.
സിന്ധു ഫൈനലിലെത്തിയതിനു പിന്നാലെയാണ് സൈനയെ കളിയാക്കി ട്വിറ്ററില്‍ ആരാധകനെത്തിയത്. പ്രിയപ്പെട്ട സൈന, ബാഗ് പാക്ക് ചെയ്‌തോളൂ, മികച്ച താരങ്ങളെ തോല്‍പിക്കുന്നത് എങ്ങനെയെന്ന് അറിയാവുന്ന ഒരാളെ ഞങ്ങള്‍ കണെ്ടത്തി എന്നാണ് അന്‍ഷുള്‍ സാഗര്‍ എന്നയാള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ മാന്യത കൈവിടാതെയുള്ള സൈനയുടെ പ്രതികരണം ആരാധകനെ ഞെട്ടിച്ചുകളഞ്ഞു. തീര്‍ച്ചയായും, നന്ദി. സിന്ധു വളരെ നന്നായി കളിക്കുന്നു, ഇന്ത്യയും. എന്നാണ് സൈന മറുപടിയായി ട്വീറ്റ് ചെയ്തത്. ഇതോടെ ആരാധകന് പശ്ചാത്താപം തോന്നി. തെറ്റു മനസിലാക്കിയ അയാള്‍ സൈനയോട് മാപ്പു പറഞ്ഞു. തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നു പറഞ്ഞ സൈന ആരാധകന് ആശംസകളും അറിയിച്ചു.