പ്ലാസ്റ്റിക്കിനോട് ‘നോ’പറയുന്നതാവും നല്ലത്…നാളെ മുതല്‍ തിരുവനന്തപുരം നഗരപരിധിയില്‍ പ്ലാസ്റ്റിക് നിരോധനം

PKD-PLASTICതിരുവനന്തപുരം : നാളെ മുതല്‍ നഗരസഭാ പരിധിയില്‍ കര്‍ശന പ്ലാസ്റ്റിക് നിരോധനം. 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന നഗരസഭ നിരോധിച്ച പശ്ചാത്തലത്തിലാണിത്.   നിരോധനത്തിന്റെ ആദ്യ ഘട്ടമായുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ സജീവമായി  റെയ്ഡുകള്‍ നടത്തും. നിയമലംഘനത്തിനു വന്‍തുക പിഴ ഈടാക്കാനും നഗരസഭ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിനിറങ്ങി പാതി വഴിയില്‍ പദ്ധതി ഉപേക്ഷിച്ച കഴിഞ്ഞ ഭരണ സമിതിയുടെ സ്ഥിതിയുമാകുമോ ഈ പ്ലാസ്റ്റിക് നിരോധനത്തിനുമെന്നാണ് നഗരവാസികള്‍ ചോദിക്കുന്നത്. കോര്‍പ്പറേഷന്‍ കീഴിലുള്ള എല്ലാ വാര്‍ഡുകളിലും പരിശോധന നാളെ മുതല്‍ കര്‍ശനമാക്കുമെന്നാണ്  അധികൃതര്‍ പറയുന്നത്. പകരം സംവിധാനമില്ലാതെ തങ്ങള്‍ എന്തു ചെയ്യുമെന്ന കച്ചവടക്കാരുടെ ചോദ്യത്തിന് കോര്‍പറേഷനും ഉത്തരമില്ല. പ്ലാസ്റ്റിക് നിരോധനത്തിനും ബദല്‍ സംവിധാനം ഒരുക്കുന്നതിനും കോര്‍പറേഷന് ധാരാളം സമയം ലഭിച്ചിരുന്നു. എന്നാല്‍ കുറേ യോഗങ്ങള്‍ വിളിച്ചതല്ലാതെ കാര്യങ്ങള്‍ ഒന്നും വെടിപ്പായിട്ടില്ല.

ബോധവത്ക്കരണം നടത്തിയും കല്ല്യാണ, കാറ്ററിംഗ് സംഘങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേര്‍ന്നതും അല്ലാതെ കാര്യമായ സംവിധാനങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ലെന്ന് ആക്ഷേപം ശക്തമാണ്. പേപ്പര്‍ ബാഗ്, തുണി സഞ്ചികള്‍ വ്യാപകമായി ഇല്ലാത്തതും പ്ലാസ്റ്റിക് നിരോധനം നടക്കുമോയെന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ത്തുന്നതാണ്

പ്ലാസ്റ്റിക് ശേഖരണം ഇപ്പോഴും മാസത്തില്‍ ഒരിക്കല്‍ എല്ലാ സര്‍ക്കിളുകളും കേന്ദ്രീകരിച്ച് നടക്കുന്നതായാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ നഗരകേന്ദ്രീകൃതമായി ചിലപ്പോഴൊക്കെ പ്ലാസ്റ്റിക് ശേഖരിക്കുന്നതല്ലാതെ എല്ലാ വാര്‍ഡുകളിലും പ്ലാസ്റ്റിക് ശേഖരണമൊന്നുമില്ലെന്ന് നഗരവാസികള്‍ പരാതിപ്പെടുന്നു.  നിരോധനത്തിന്റെ ഭാഗമായി വാരിക്കുട്ടിയ ഫഌക്‌സുകള്‍ കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്നതില്‍  കൂടുതല്‍ തെളിവൊന്നും ഇക്കാര്യത്തില്‍ വേണ്ടെന്നാണ് പൊതുജനത്തിന്റെ പക്ഷം. എന്നാലും  ഇന്നും നഗരത്തിലെ സര്‍ക്കിളുകളിലുള്ള  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കും.

ബേക്കറികള്‍ വഴിയുള്ള  ഭക്ഷണ സാധനങ്ങള്‍ പലതും ഒന്നാന്തരം പ്ലാസ്റ്റിക്കിലാണ് ലഭിക്കുന്നത്.മിക്‌സചര്‍, പക്കാവട, ബിസ്ക്കറ്റ് തുടങ്ങിയവ. ഇതിനെതിരെ നിയമപരമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. പകരം ഇങ്ങനെ പ്ലാസ്റ്റിക്കില്‍ എത്തുന്ന ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കരുതെന്ന് അഭ്യര്‍ഥന നടത്തുമെന്നാണ് കോര്‍പറേഷന്‍ പറയുന്നത്.

Related posts