ഫയര്‍ സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുമാറ്റി ഐടി ഹബും ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിക്കാന്‍ നീക്കം

EKM-FAIRSTATIONമൂവാറ്റുപുഴ: ഫയര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റി ഐടി ഹബും ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിക്കാന്‍ നീക്കം. സൗകര്യപ്രദമായ സ്ഥലത്തേക്കു ഫയര്‍‌സ്റ്റേഷന്‍ മാറ്റുന്നമുറയ്ക്കു ലതാപാലത്തിനു സമീപമുള്ള കെട്ടിടം പൊളിച്ചുമാറ്റാനാണു നഗരസഭയുടെ തീരുമാനം.   കൗണ്‍സില്‍ യോഗം നേരത്തെ ഇതംഗീകരിച്ചിരുന്നു. വാടക കെട്ടിടത്തിലാണ്ഇപ്പോള്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റ്  പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷന്‍ ഒഴിഞ്ഞുതരണമെന്നവാശ്യപ്പെട്ട് നഗരസഭ ഒരുവര്‍ഷം മുന്‍പു കത്ത് നല്‍കിയിരുന്നു.

എന്നാല്‍, മറ്റൊരു സ്ഥലം കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സിനോ നഗരസഭയ്‌ക്കോ സാധിച്ചിട്ടില്ല. സ്റ്റേഷനു സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനു നഗരസഭ കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപം 15 സെന്റ് സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തിക്കാനുള്ള അസൗകര്യം മൂലം വേണ്ടെന്നുവയ്ക്കുകയായിരുന്നു.  തുടര്‍ന്ന് എവറസ്റ്റ് ജംഗ്ഷനു സമീപം സ്ഥലം കണ്ടെത്തിയിട്ടു നാളുകളായെങ്കിലും കെട്ടിടം നിര്‍മിക്കാനായിട്ടില്ല.

താത്ക്കാലികമായി ഇഇസി മാര്‍ക്കറ്റില്‍ ഫയര്‍ഫോഴ്‌സിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കെട്ടിടം വിട്ടുനല്‍കണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് ഒട്ടേറെ നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ ഉടന്‍ സാധിക്കില്ലെന്നാണ് നഗരസഭാധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. 2016-2017ലെ നഗരസഭാ ബജറ്റില്‍ നഗരത്തില്‍ ഐടി ഹബ് സ്ഥാപിക്കുമെന്നു വ്യക്തമാക്കിയിരുന്നു.

ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്കും മറ്റും വലിയ കുതിപ്പ് നല്‍കാന്‍ സാധിക്കുന്നതാണ് പദ്ധതി. ഇത് യാഥാര്‍ഥ്യമാക്കാന്‍ ഏറ്റവും അനുയോജ്യം നിലവില്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു  പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Related posts