വലപ്പാട്: പങ്കജാക്ഷന്റെ കാത്തിരിപ്പ് സഫലമായി, ഗള്‍ഫില്‍നിന്നു “കാണാതായ’ മകന്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തി. ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ കണ്ടതാണ് മടങ്ങിവരവിനു കാരണമായത്. ചാമക്കാല കൊച്ചിക്കാട്ട് വീട്ടില്‍ പങ്കജാക്ഷന്റെ കാത്തിരിപ്പാണ് മകന്‍ രാജേഷ്(37) മടങ്ങിയെത്തിയതിലൂടെ സഫലമായത്. ഫേസ്ബുക്കില്‍ രാജേഷിനെ കണ്ട് സുഹൃത്തുക്കള്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് ലുക്കൗട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിട്ടും ഏറെനാള്‍ കഴിഞ്ഞാണ് രാജേഷ് തിരിച്ചെത്തിയത്. 2002ലാണ് ഗള്‍ഫില്‍ ജോലിക്കായി രാജേഷ് പോയത്. 2007 വരെ വീട്ടിലേക്കു പണമയയ്ക്കുകയും ഫോണ്‍ ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. പിന്നീട് ഒരു വിവരവുമില്ലാതായി. ഫോണ്‍ പോലും ചെയ്യാറില്ല. രാജേഷിനെ കാണാനില്ലെന്നു പ്രമുഖ സ്വകാര്യചാനലിലും വാര്‍ത്തവന്നു. ഗള്‍ഫില്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വരും വരുമെന്ന പ്രതീക്ഷയില്‍ 2015 വരെ കാത്തിരുന്നു. 2015ല്‍ വലപ്പാട് പോലീസില്‍ മകനെ കാണാനില്ലെന്നു പറഞ്ഞ് പങ്കജാക്ഷന്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണത്തില്‍ ആദ്യമൊന്നും രാജേഷിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
ഇതിനിടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെല്ലാം രാജേഷിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ 2008ല്‍ രാജേഷ് വിമാനമിറങ്ങിയതായി രേഖകളില്‍ കണ്ടെത്തി. തിരിച്ചു മടങ്ങിയതായി രേഖകളില്ലായിരുന്നു. പിന്നീട് ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിലെ നരോദയിലുണ്ടെന്നു സൂചന ലഭിച്ചത്. ഫേസ്ബുക്കില്‍ രാജേഷിനെ കണ്ട് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു. പോലീസ് അറയിച്ചതനുസരിച്ച് രാജേഷ് വീട്ടിലേക്കു മടങ്ങി. അച്ഛന്‍ പങ്കജാക്ഷനുമൊന്നിച്ച് പോലീസ് സ്റ്റേഷനിലുമെത്തി.
ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് സ്വന്തമായി ഒരു വരുമാനം ഉറപ്പിക്കാനാണ് ഗുജറാത്തിലെത്തിയതെന്നു രാജേഷ് പോലീസിനോടു പറഞ്ഞു. നരോദയിലെ അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ മാനേജരായി ചേര്‍ന്നു. സാമ്പത്തികമായി മെച്ചപ്പെട്ടശേഷം വീട്ടിലേക്കു വരാനായിരുന്നു പരിപാടി. പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞദിവസം നാട്ടിലെത്തിയത്. രാജേഷിനെ പോലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി.