കോട്ടയം: ഏറെ സുരക്ഷിതമെന്നു കരുതുന്ന ബസ്സ്റ്റാന്‍ഡുകളില്‍ പോലും യാത്രക്കാര്‍ സുരക്ഷിതരല്ല. പലയിടത്തും പോലീസിനെ നോക്കുകുത്തിയാക്കി ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നുവെന്ന പരാതിയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് തിരുനക്കര ബസ്സ്റ്റാന്‍ഡില്‍ ബസ് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിലും ഡ്രൈവറുടെ അനാസ്ഥയാണെന്നു പരാതിയുണ്ട്. ഇതിനു മുമ്പും സമാനമായ സംഭവങ്ങള്‍ തിരുനക്കര സ്റ്റാന്‍ഡില്‍ ഉണ്ടായിട്ടുണ്ട്.ഡ്രൈവര്‍മാരുടെ അശ്രദ്ധയും ബസിന്റെ അമിത വേഗതയുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
കോട്ടയം നാഗമ്പടം, മെഡിക്കല്‍കോളജ്, ഏറ്റുമാനൂര്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍ മാത്രമല്ല ജില്ലയിലെ ഒട്ടുമുക്കാല്‍ ബസ്സ്റ്റാന്‍ഡുകളിലും യാത്രക്കാരന്‍ ജീവനും കൊണ്ട് ഓടേണ്ട സ്ഥിതിയാണുള്ളത്. ബസ്സ്റ്റാന്‍ഡുകളില്‍ കുട്ടികളുടെയും സത്രീകളുടെയും സുരക്ഷയാണ് കൂടുതലായി ഭീഷണിയിലായിരിക്കുന്നത്. മെഡിക്കല്‍കോളജ് ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ തോന്നുംപടിയാണ് പാര്‍ക്ക് ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ബസ്സ്റ്റാന്‍ഡുകള്‍ നിര്‍മിക്കുന്നതിലെ അശാസ്ത്രീയതയാണ് അപകടത്തിനു പ്രധാനകാരണമെന്നാണ് ആരോപണം. ജില്ലയിലെ ഒരു ബസ്സ്റ്റാന്‍ഡില്‍പ്പോലും പാര്‍ക്കിംഗ് ബേയും റിവേഴ്‌സ് ബേയും വ്യക്തമായ രീതിയില്‍ നിര്‍ണയിച്ചിട്ടില്ല.
യാത്രക്കാര്‍ ബസ്‌വേയിലേക്ക് ഇറങ്ങാതെ പാര്‍ക്കിംഗ് ബേയിലെത്തി സുരക്ഷിതമായി കയറാനുള്ള സൗകര്യം ജില്ലയിലെ ബസ്സ്റ്റാന്‍ഡുകള്‍ക്കില്ല. നിര്‍മാണ അനുമതിക്ക് തയാറാക്കുന്ന പ്ലാനില്‍നിന്നു വ്യത്യാസം വരുത്തി യാത്രക്കാര്‍ക്ക് നില്ക്കാനും ഇരിക്കാനും മാറ്റിവയ്ക്കുന്ന സ്ഥലങ്ങള്‍ക്കൂടി കടമുറികള്‍ പണിതു വാടകയ്ക്കു കൊടുത്തും പണമുണ്ടാക്കിയതായാണ് ഏറെയിടങ്ങളിലെയും സ്ഥലപരിമിതിയ്ക്കു കാരണം. സ്റ്റാന്‍ഡിനുള്ളിലേക്കും പുറത്തേക്കും കടക്കാനുള്ള വാതിലുകളുടെ സ്ഥലപരിമിതി മൂലം ബസുകള്‍ക്കിടയില്‍ യാത്രക്കാര്‍ ഞെരുങ്ങി അപകടം സംഭവിക്കാറുണ്ട്. അധികൃതരുടെ അറിവോടെ അനധികൃത കച്ചവടക്കാര്‍ ബസ്‌സ്റ്റാന്‍ഡുകള്‍ കൈവശപ്പെടുത്തുന്നതിനാല്‍ സുരക്ഷിതമായി നിന്നു തിരിയാനുള്ള ഇടവും ഇല്ലാതായി.
ജില്ലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ അമ്പതിലേറെപ്പേര്‍ ബസ്സ്റ്റാന്‍ഡുകളില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ആറു പേര്‍ക്കു ജീവഹാനി സംഭവിച്ചു. ബസുകള്‍ യാത്രക്കാരുടെ മേല്‍ കയറിയിറങ്ങിയതും ഫുട്‌ബോര്‍ഡില്‍നിന്നു വീഴുന്നതും പതിവു സംഭവമായി മാറി. ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ആഴ്്ച സംഭവിച്ചതിനു സമാനമായി സ്റ്റാന്‍ഡ് പിടിക്കാന്‍ പറക്കുംതളിക പോലെ സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരുടെ സുരക്ഷ അവഗണിച്ച് ബസുകള്‍ പായുകയാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് പൊളിച്ചു പണിയുന്നതിനാല്‍ സ്റ്റാന്‍ഡില്‍ സ്ഥലത്തിന്റെ പരിമിധി കുറവാണ്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറി വരുമ്പോള്‍ ബസുകളില്‍ കയറിപ്പറ്റാന്‍ മുന്നിലും പിന്നിലും വശങ്ങളിലൂടെ യാത്രക്കാര്‍ ഓടുകയാണ്.
നാഗമ്പടം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ദേവാലയത്തിലും സമ്മേളനങ്ങളിലും വാണിജ്യമേളകളിലും പങ്കെടുക്കാനെത്തുന്നവര്‍ ഭീതിയോടെയാണ് ബസ് സ്റ്റാന്‍ഡില്‍ കയറുന്നത്. സ്റ്റാന്‍ഡ് കവാടങ്ങളില്‍ ഹംബ് നിര്‍മിക്കാന്‍ ഇന്നേവരെ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല. ടൗണ്‍സര്‍വീസ് ബസുകളാണ് ഏറ്റവുമധികം ഭീതി പരത്തി അമിതവേഗതയില്‍ പായുകയാണ്. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മുണ്ടക്കയം ബസ് സ്റ്റാന്‍ഡുകളില്‍ അപകടം പതിവാണ്. ഇവിടെ ഹോം ഗാര്‍ഡുകളെ ട്രാഫിക് ചുമതലയേല്‍പ്പിച്ച് പോലീസ് മുങ്ങുന്നതായി ആരോപണമുണ്ട്. അയര്‍ക്കുന്നം, വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍ സ്റ്റാന്‍ഡുകളിലും സ്ഥിതി ഇതുതന്നെ.